ന്യൂയോര്‍ക്ക്: പ്രമുഖ മൊബൈല്‍ മെസേജിംങ് സര്‍വീസായ വാട്സ് ആപ്പിനെ ഏറ്റെടുക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. ഒമ്പത് ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് വാട്സ് ആപ്പിനെ ഫേസ്ബുക്ക് വിഴുങ്ങുന്നത്. നാല് ബില്യണ്‍ ഡോളര്‍ കാശായും 12 ബില്യണ്‍ ഡോളറിന്റെ ഫേസ്ബുക്ക് ഷെയറും വാട്സ് ആപിനു നല്‍കും. ഏറ്റെടുക്കല്‍ വിവരം മാര്‍ക്ക് സുക്കര്‍ ബര്‍ഗാണ് അറിയിച്ചത്.
ആദ്യം 16 ബില്യണ്‍ ഡോളറിനാണ് ഈ ഇടപാട് നടന്നത് എന്നാണ് ഫേസ്ബുക്ക് പറഞ്ഞിരുന്നത്. ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ ഫേസ്ബുക്ക് ഒരു ബില്യണ്‍ ഡോളറിന് നേരത്തെ ഏറ്റെടുത്തിരുന്നു. ഇത് ആദ്യമായാണ് ഇത്രയും തുക നല്കി ഫേസ്ബുക്ക് ഒരു സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. ഇതോടെ വാട്ട്സ് ആപ്പ് സ്ഥാപകന്‍ ജാന്‍ കൗമ് ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകും. എന്നാല്‍ ഫേസ്ബുക്ക് ഇപ്പോഴുള്ള സ്ഥിതിയില്‍ തന്നെ വാട്ട്സ് ആപ്പിനെ നിലനിര്‍ത്തും എന്നാണ് കമ്പനിവൃത്തങ്ങള്‍ പറയുന്നത്. നേരത്തെ സ്നാപ് ചാറ്റ് ഏറ്റെടുക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കം പരാജയപ്പെട്ടിരുന്നു.
യാഹൂ ജീവനക്കാരായിരുന്ന ബ്രയാണ് ആക്ടനും ജാന്‍ കൗമും ചേര്‍ന്ന് 2009ല്‍ ആരംഭിച്ചതാണ് വാട്ട്സ്ആപ് കമ്പനി. 450മില്യണിലധികം ഉപഭോക്താക്കളാണ് വാട്സ്ആപിനുള്ളത്. ഇതില്‍ 70ശതമാനം പേരും ദിവസവും വാട്സ് ആപ് ഉപയോഗിക്കുന്നവരാണ്. എഫ്.ബിയുടെ ഭാഗമാകുന്നുണ്ടെങ്കിലും സ്വതന്ത്രമായ നിലയില്‍ തന്നെ ആപിന് പ്രവര്‍ത്തിക്കാന്‍ കഴിയും.
കഴിഞ്ഞവര്‍ഷം പ്രശസ്ത മെസേജിങ് ഗ്രൂപ്പായ സ്നാപ്ചാറ്റിനെ ഏറ്റെടുക്കാന്‍ ഫേസ്ബുക്ക് നീക്കം നടത്തിയിരുന്നു. 3 ബില്യണിന്റെ കരാറില്‍ നിന്നും സ്നാപ്ചാറ്റ് പിന്മാറിയതായും സൂചനകള്‍ ഉണ്ടായിരുന്നു. മൊബൈല്‍ മെസേജിംങ് ആപ്പുകളില്‍ ഏറെ ജനപ്രീതി നേടിയതാണ് വാട്സ് ആപ്. ചാറ്റ്, ഫയല്‍ ഷെയറിംഗ്, വോയിസ് മെസേജിംഗ് സൗകര്യങ്ങളുള്ള സൗജന്യ സര്‍വ്വീസായ വാട്സ് ആപും ഫേസ്ബുക്കും തമ്മിലുള്ള കരാര്‍ സാങ്കേതിക ലോകത്തെ വമ്പന്‍ കരാറുകളിലൊന്നാണ്.
ആന്‍ഡ്രോയിഡില്‍ മാത്രമല്ല ആപ്പിള്‍ സ്റ്റോറുകളിലും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡിംഗ് നടക്കുന്നത് വാട്സ് ആപാണ്. സിംബിയന്‍, ബ്ലാക്ബെറി, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളിലെ കണക്കുകള്‍ കൂടി നോക്കിയാല്‍ 100കോടി കടക്കും ഡൗണ്‍ലോഡിംഗ്. തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ 10മില്യണ്‍ ഫണ്ടിംഗ് ആണ് ആപിന് ലഭിച്ചത്. പിന്നീടങ്ങോട്ട് വിജയഗാഥയായിരുന്നു.
അടുത്ത് ഇന്ഫോയ്മെയ്റ്റ് മൊബൈല്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യമായ ചാറ്റ് ആപ്ലിക്കേഷന്‍ എന്ന ബഹുമതി വാട്സ് ആപിനായിരുന്നു. യുഎസില്‍ വാട്സ് ആപിന് അത്ര പ്രചാരം പോരെങ്കിലും സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ 76 ശതമാനം പേരും വാട്സ് ആപ് ഉപയോഗിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: