മലപ്പുറം: കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ ജീവനക്കാരി രാധ കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. നിര്‍ഭയ സ്ത്രീ സുരക്ഷാമാര്ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന് ഉദ്ഘാടനം ചെയ്തു.
രാധയുടെ കൊലപാതകത്തിന് പിന്നിലെ മുഴുവന്‍ ശക്തികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പി.എം വേലായുധന് പറഞ്ഞു. കേസില്‍ മന്ത്രി ആര്യാടന് മുഹമ്മദിന്റെയും മകന് ആര്യാടന് ഷൗക്കത്തിന്റെയും പങ്ക് ഉയര്‍ന്ന് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസിലെ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരാന്‍ കേരള പോലീസ് അന്വേഷിച്ചാല്‍ സാധിക്കില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആര്യാടന് മുഹമ്മദും അടക്കമുള്ളവരാണ് കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത്. ആര്യാടന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നീതികിട്ടുമെന്ന് പ്രതീക്ഷയില്ല. ബിജുവിലും ഷംസുദ്ദീനിലും കേസ് ഒതുക്കാനാണ് ശ്രമം. അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗീതാ മാധവന്, വനജ രവീന്ദ്രന്, ജില്ലാ ട്രഷറര്‍ രാജീവ് മാസ്റ്റര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഓമന കൃഷ്ണന്‍കുട്ടി, ജില്ലാ സെക്രട്ടറി തങ്കമണി സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: