കോട്ടയം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ആര്‍ക്കുവേണ്ടിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല. കോട്ടയം പ്രസ്സ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സി.പി.ഐ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം സി.ദിവാകരന് ചേര്‍ത്തലയില്‍ പറഞ്ഞിരുന്നു. അതിന് കടക വിരുദ്ധമാണ് പന്ന്യെന്റ വാക്കുകള്‍.
കേരള രാഷ്ട്രീയത്തില്‍ ഇടതുമുന്നണിക്ക് നല്ല സമയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം ഇടതുപക്ഷ സംഘടനകള്‍ ഉള്‍പ്പെട്ട ബദല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാസീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കുശേഷം ആലോചിച്ചു തീരുമാനമെടുക്കുമെന്നും, കഴിഞ്ഞതവണ നാല് സീറ്റിലാണ് തങ്ങള്‍ മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത്തവണ താന്‍ മത്സരത്തിനില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി.
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന കേന്ദ്രമന്ത്രിമാര്‍ കേരളത്തിന് ശാപമാണെന്നും കേന്ദ്രത്തിലെ രണ്ടാം സ്ഥാനക്കാരനായ പ്രതിരോധമന്ത്രി എ.കെ.ആന്റണിയെക്കൊണ്ടുപോലും കേരളത്തിന് ഒരു പ്രയോജനവുമില്ലെന്നും പന്ന്യന്‍ പറഞ്ഞു.
വിലക്കയറ്റമടക്കമുള്ള പ്രശ്നങ്ങളാല്‍ കേരളം പൊറുതിമുട്ടുമ്പോള്‍ എട്ട് കേന്ദ്രമന്ത്രിമാരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി.
ആറന്മുളയിലെ പാടങ്ങള്‍ നികത്തി വിമാനം പറത്താനുള്ള കെജിഎസ് ഗ്രൂപ്പിന്റെ നടപടികള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് മുഖ്യമന്ത്രിയാണ് ഉറപ്പ് നല്‍കിയിരിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ ഉടന്‍ പരിഹരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: