കൊച്ചി: പറവൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പഠനച്ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോന്. ജന്മഭൂമിയിലെ ‘കാഴ്ചക്കപ്പുറം’ എന്ന പ്രതിവാര പംക്തിയിലാണ് ലീലാമേനോന് ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് തീര്‍പ്പാക്കിയാല്‍ മാത്രമേ തനിക്ക് സ്വതന്ത്രമായി പഠിച്ച് എന്നെ ഉപദ്രവിച്ചവരുടെ മുന്നില്‍ നല്ല നിലയില്‍ ജീവിച്ചുകാണിക്കാനാവൂ എന്ന് പറവൂര്‍ പെണ്‍കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. തനിക്ക് തുടര്‍ന്ന് പഠിക്കണമെന്നും അവള് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ലീലാമേനോന് സഹായ സന്നദ്ധത അറിയിച്ചത്.
“അവളെ പഠിപ്പിക്കാന്‍ ഫീസു കൊടുക്കാനും പുസ്തകങ്ങള്‍ വാങ്ങാനും പണം നല്കാന് ഞാന്‍ തയ്യാറാണ്. പക്ഷേ അവളെ ഏതു കോളേജ് അഡ്മിറ്റ് ചെയ്യും? അവള്‍ക്ക് ഏതു ഹോസ്റ്റല്‍ അഡ്മിഷന് നല്‍കും? കോടതി അവളെ സുഗതകുമാരി നടത്തുന്ന ‘അഭയ’യിലോ ബീന സെബാസ്റ്റ്യന്‍ എറണാകുളത്തു നടത്തുന്ന ‘സഖി’യിലോ നിന്ന് പഠിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഞാന്‍ അവളെ പഠിപ്പിക്കാന്‍ തയ്യാറാണ്. എന്നെന്നേക്കുമായി ജീവിതം നഷ്ടപ്പെട്ടു എന്ന് സമൂഹം വിധിക്കുന്ന ഒരു പെണ്‍വാണിഭ ഇരയ്ക്കെങ്കിലും പഠിക്കാനും സ്വന്തം ജീവിതം രൂപപ്പെടുത്താനും സാധിച്ചാല്‍ അത് എനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകര്‍മമാണെന്ന് ഞാന്‍ കരുതുന്നു,” ലീലാമേനോന് എഴുതുന്നു.
പെണ്‍കുട്ടിയുടെ മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ് സൂര്യനെല്ലിയടക്കം കേരളത്തിലെ നിരവധി ലൈംഗികപീഡനക്കേസുകള്‍ പുറത്തുകൊണ്ടുവന്ന ലീലാമേനോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: