തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് ഐ.ടി. അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള സമഗ്രപദ്ധതിയ്ക്ക് അന്തിമരൂപമായി. ഹൈസ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നടത്തിയിരുന്ന ഐ.ടി. വിദ്യാഭ്യാസം ഇനി മുതല്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ സ്കൂളുകളില്‍കൂടി ആരംഭിക്കുമെന്ന് മന്ത്രി പി കെ അബ്്ദുറബ്് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ വിദ്യാലയങ്ങളിലും 2 എം.ബി.പി.എസ് വിവരകൈമാറ്റ വേഗത ലഭിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന് ഉറപ്പുവരുത്തി പഠനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. 2 എം.ബി.പി.എസ് ശേഷിയുള്ള വി.പി.എന്‍ അധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുന്നതിനാണ് പദ്ധതി. ആദ്യഘട്ടം സംസ്ഥാനത്തെ 14 ജില്ലാ റിസോഴ്സ് സെന്ററുകള്‍ ഉള്‍പ്പെടെ തൃശ്ശൂര്‍, മലപ്പുറം, കോട്ടയം ജില്ലകളിലെ 1105 സ്കൂളുകള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളെയും ഈ നെറ്റ്വര്‍ക്കിന്റെ കീഴില്‍ കൊണ്ടുവരും.
14 ഡി.ഡി.ഇ. ഓഫിസുകളെ വിദ്യാഭ്യാസ മന്ത്രിയുടെയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടേയും ഓഫിസ് ഉള്‍പ്പെടെയുള്ള സംസ്ഥാനതല ഓഫിസുകളുമായി ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും ഇന്റര്‍നെറ്റ് ടെലഫോണ്‍ സംവിധാനവുമൊരുക്കും. ഈവര്‍ഷം ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി വിവിധ വിഷയങ്ങളില്‍ ഐ.സി.ടി. അധിഷ്ഠിത പാഠഭാഗങ്ങള്‍ ഐ.ടി. @ സ്കൂള്‍ വെബ്പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. സി-ഡിറ്റ്, കെ.എസ്.എഫ്.ഡി.സി. എന്നീ സ്ഥാപനങ്ങളുടെ സാങ്കേതികസഹായത്തോടെയാണ് ഐ.സി.ടി. അധിഷ്ഠിത പഠനവിഭവങ്ങള്‍ നിര്‍മിക്കുന്നത്. മള്‍ട്ടിമീഡിയ റൂമുകള്‍ സംസ്ഥാനത്തെ 100 സര്‍ക്കാര്‍ സ്കൂളുകളില്‍ ഈവര്‍ഷം സജ്ജീകരിക്കും. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി 4,400 ലാപ്ടോപ്പുകളും 2,200 ഡെസ്ക്ടോപ്പുകളുംകൂടി വിതരണം ചെയ്യും. വി.എച്ച്.എസ്.ഇ സ്കൂളുകളില്‍ ഹാര്ഡ്വെയറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥിരം കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളുടെ പരിജ്ഞാനം വര്‍ധിപ്പിക്കും. വിദ്യാഭ്യാസവകുപ്പും സ്റ്റാര്‍ട്ട് അപ്പ് വില്ലേജുമായി സഹകരിച്ച് ഒരുവര്‍ഷം 1800 കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ്ങില്‍ പരിശീലനം നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാഭ്യാസവകുപ്പ് നടത്തിയ ഐ.ടി. മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച 10,000 വിദ്യാര്‍ഥികള്‍ക്ക് റാസ്ബെറി കംപ്യൂട്ടറുകള്‍ സൗജന്യമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: