കൊച്ചി: എതിര്‍ത്ത് സംസാരിക്കരുതെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൗണ്‍സിലില്‍ ഒന്നും മിണ്ടാതെയും വിട്ടുനിന്നും ഐ ഗ്രൂപ്പ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ബജറ്റിനെ അനുകൂലിച്ച് ഒരു വാക്ക് പോലും പറയാതെയാണ് ഐ ഗ്രൂപ്പ് പ്രതിഷേധം അറിയിച്ചത്. ഐ ഗ്രൂപ്പിനോട് ആലോചിക്കാതെ അവതരിപ്പിച്ച ബജറ്റിനെ ചര്‍ച്ചയില്‍ ശക്തമായി എതിര്‍ക്കാന്‍ അംഗങ്ങള്‍ തീരുമാനിക്കുകയും ചര്‍ച്ചയില്‍ സംസാരിക്കേണ്ടകാര്യങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ ഐ ഗ്രൂപ്പ് പ്രത്യേക യോഗവും ചേര്‍ന്നിരുന്നു. എന്നാല്‍ അന്ന് വൈകുന്നേരത്തോടെ സുധീരന് നേരിട്ട് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
നഗരസഭയില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുധീരന് ഇടപെടാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. രഹസ്യയോഗങ്ങളോ പരസ്യ പ്രസ്താവനകളോ പാടില്ലെന്ന് സുധീരന് കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ചാണ് എ, ഐ ഗ്രൂപ്പുകള്‍ രഹസ്യയോഗങ്ങള് ചേര്‍ന്നതും പരസ്പരം എതിര്‍പ്പ് പ്രകടിപ്പിച്ചതും. ഐ ഗ്രൂപ്പിന്റെ നിലപാടിനെക്കുറിച്ച് ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര നേരിട്ട് കെ പി സി സി പ്രസിഡന്റിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം പ്രശ്നത്തില്‍ ഇടപെട്ടതെന്നാണ് സൂചന.കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്ത് സംസാരിച്ചില്ലെങ്കിലും ഐ ഗ്രൂപ്പ് അംഗങ്ങള്‍ പ്രതിഷേധം വ്യക്തമാക്കി. ഐ വിഭാഗത്തിലെ പ്രമുഖ കൗണ്‍സിലറും ജി സി ഡി എ ചെയര്‍മാനുമായ എന്‍ വേണുഗോപാല്‍ ചര്‍ച്ചാ ദിവസം നഗരസഭയിലേക്ക് തിരിഞ്ഞുനോക്കിയില്ല.
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് പി ജെ വിനോദ് പതിവായിരിക്കുന്ന ആദ്യവരിയിലെ സീറ്റില്‍ നിന്നും അവസാന നിരയിലേക്ക് മാറിയിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രത്നമ്മ രാജു, ലിനോ ജേക്കബ് എന്നിവര്‍ ഉച്ചവരെ മാത്രമാണ് കൗണ്‍സിലില്‍ ഇരുന്നത്. ബജറ്റ് അവതരണ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഐ ഗ്രൂപ്പ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാര് വിട്ടുനിന്നിരുന്നു. അന്നുതന്നെ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും 14 ഐ ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: