പാനൂര്‍: സ്വന്തം ജീവനേക്കാള്‍ പ്രിയങ്കരമായ ആദര്‍ശത്തെ നെഞ്ചേറ്റിയ ശക്തരായ പ്രവര്‍ത്തകരുള്ള ദേശീയ പ്രസ്ഥാനത്തെ കണ്ണൂരില്‍ തകര്‍ക്കുമെന്ന സിപിഎം പ്രഖ്യാപനം വെറും വ്യാമോഹം മാത്രമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പ്രസ്താവിച്ചു. ബിജെപി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജനചേതനാ സമ്മേളനം പാനൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കള്ളം ജനസമക്ഷം നിരത്തിയവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ രാജിവെച്ച് വന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കണം. അതിന് പിണറായിയെ ബിജെപി വെല്ലുവിളിക്കുന്നു. രാഷ്ട്രീയ സദാചാരം നഷ്ടപ്പെട്ടവര്‍ ബിജെപിയില്‍ ജനാധിപത്യമില്ലായെന്ന് ആശങ്കപ്പെടുകയാണ്. ജനുവരി 28ന് ടി.പി.ചന്ദ്രശേഖരന് വധത്തിലെ വിധിപ്രസ്താവം കേരള ജനത മനസ്സിലാക്കിയതാണ്. അതേ ദിവസമായിരുന്നു പാനൂരിലെ സ്വീകരണ പരിപാടിയും സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം കേരള ജനത ചര്‍ച്ച ചെയ്യുന്ന ദിനത്തില്‍ ബിജെപി പുറത്താക്കിയ രണ്ടുപേരെ സ്വീകരിക്കാന്‍ ജില്ലയ്ക്കകത്തും പുറത്തും നിന്ന് പ്രവര്‍ത്തകരെ പാനൂരിലെത്തിച്ച ജയരാജന്മാര് പാര്‍ട്ടി അജണ്ട നടപ്പിലാക്കുകയായിരുന്നു. അതിന് സംസ്ഥാന സെക്രട്ടറി കൂട്ടുനിന്നു. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയാണോ? കൃഷ്ണദാസ് പരിഹസിച്ചു.
ബിജെപി കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റും ജനചേതനാ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനുമായ പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി.രമേശ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി എന്നിവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന വക്താവ് വി.കെ.സജീവന്, ദേശീയ സമിതി അംഗങ്ങളായ പി.കെ.വേലായുധന്, എ.പി.പത്മിനി ടീച്ചര്‍, ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത്, അഡ്വ. വി.രത്നാകരന്, മോഹനന് മാനന്തേരി, സി.പി.സംഗീത, കെ.പി.കാര്‍ത്തിക, വിജയന് വട്ടിപ്രം, കെ.പി.സഞ്ജീവ്കുമാര്‍, വി.പി.ബാലന് മാസ്റ്റര്‍, ബിജു ഏളക്കുഴി, കെ.ഷീബ, കെ.കെ.ധനഞ്ജയന് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: