തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. എല്ലാ കാര്യങ്ങളും ചെയ്തത് മുന്‍സര്‍ക്കാരിന്റെ കാലത്താണ്. അവര്‍ ആറന്മുള ഭരണനേട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അധികമായി ഏറ്റെടുത്ത ഭൂമി പുനര്‍വിജ്ഞാപനം ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഈ സര്‍ക്കാരിന്റെ മുന്നില്‍ വന്നത്.
പദ്ധതിയ്ക്കെതിരേ പത്തനംതിട്ട ഡി.സി.സി പ്രമേയം പാസാക്കിയിട്ടില്ല. വികസനപദ്ധതികളെ കുറിച്ച് ഡി.സി.സി പ്രസിഡന്റ് മറ്റൊരു സാഹചര്യത്തില്‍ പറഞ്ഞ കാര്യമാണ് വാര്‍ത്തയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരസമിതിക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് യുക്തമായ തീരുമാനം ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരനും താനു തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കാന്‍ ആരൊക്കെ ശ്രമിച്ചാലും കഴിയില്ല. കുറേ ദിവസമായി പലരും ഇതിന് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി കാര്യങ്ങള്‍ ഭംഗിയായി പോകും. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അഭിമാനകരമായ വിജയം നേടും. മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നകാര്യം കെ.പി.സി.സി ചര്‍ച്ച ചെയ്യുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: