തിരുവനന്തപുരം: പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ലോകസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ശില്പശാലകള് സംഘടിപ്പിക്കും. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 7 വരെ സംഘടിപ്പിക്കുന്ന ശില്പശാലകളില് പാര്‍ട്ടി പഞ്ചായത്ത് ജനറല്‍സെക്രട്ടറി, പ്രസിഡന്റ് ഉപരിപ്രവര്‍ത്തകരാണ് പങ്കെടുക്കേണ്ടത്.
ഇതില്‍ വച്ച് പഞ്ചായത്ത് തെരെഞ്ഞെടുപ്പ മാനേജ്മെന്റ് കമ്മറ്റികള്‍ക്ക് രൂപം നല്‍കും. തെരെഞ്ഞെടുപ്പുമായി ബന്ധപെട്ട മഹിളാ പ്രവര്‍ത്തനം, ബൂത്തുതല പ്രവര്‍ത്തനങ്ങള്‍, മാധ്യമ വിഭാഗങ്ങളുടെ പ്രവര്‍ത്തനം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളുമായി ബന്ധപെട്ട ആസൂത്രണമാണ് തെരെഞ്ഞെടുപ്പ് മാനേജ്മന്റ്് കമ്മറ്റികള്‍ക്ക് കീഴില്‍ നടക്കുന്നത്. തെരെഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തന പദ്ധതികള്‍ക്കും തന്ത്രങ്ങള്‍ക്കും രൂപം നല്‍കുകയാണ് പാര്‍ലമെന്റ് ശില്പശാലകളുടെ പ്രധാന ലക്ഷ്യം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, അഖിലേന്ത്യാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ശ്രീശന്, എ.എന്‍ രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, എന്നിവര്‍ ശില്പശാലകളില് പങ്കെടുക്കും. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചിലവിലേക്കായി ബൂത്ത് തലത്തില്‍ വിജയനിധി ശേഖരിക്കണം. പഞ്ചായത്തുതല തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണങ്ങള്‍ക്കായി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നിശാശില്പശാലകള് നടത്താനും പാര്‍ട്ടി തീരുമാനിച്ചു. തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ 5000 കേന്ദ്രങ്ങളില്‍ നരേന്ദ്രമോദിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുവാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: