രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികള്‍ക്ക് വിധിച്ചിരുന്ന വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയിരിക്കുന്നു. പ്രതികളായ ശാന്തന്, മുരുകന്, പേരറിവാളന് എന്നിവര്‍ക്കാണ് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമെടുത്തെന്ന കാരണത്താല്‍ സുപ്രീംകോടതി ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. പ്രതികളെ എപ്പോള്‍ മോചിപ്പിക്കണമെന്ന് കേന്ദ്ര-തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന കോടതിവിധി വന്നയുടന്‍ തമിഴ്നാട് മുഖ്യമന്ത്രി അവരെ ജയില്‍മോചിതരാക്കാന്‍ തീരുമാനമെടുത്ത് ഗവര്‍ണറെയും കേന്ദ്രത്തെയും അറിയിക്കുകയും ചെയ്തിരിക്കുന്നു. 1991 മെയ് 21 നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെല്‍റ്റ്ബോംബ് ധരിച്ച ധനു എന്നറിയപ്പെടുന്ന തേന്മൊഴി രാജരത്നം മനുഷ്യബോംബായി അടുത്തെത്തി കാല്‍തൊട്ട് വണങ്ങവെ സ്വയം പൊട്ടിത്തെറിച്ച് രാജീവ്ഗാന്ധിയെ വധിച്ചത്. തമിഴ്പുലികളെ ചെറുക്കാന്‍ ഇന്ത്യന്‍ സമാധാനസേനയെ ശ്രീലങ്കയിലേക്ക് അയച്ചതിന്റെ പ്രതികാരമായിരുന്നു അത്. 26 പ്രതികള്‍ക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചെങ്കിലും 1994 ലെ അപ്പീലില്‍ വധശിക്ഷ നാലുവര്‍ഷമായി ചുരുക്കി. നളിനി, പേരറിവാളന്, മുരുകന്, ശാന്തന് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇവര്‍ രാഷ്ട്രപതിക്ക് നല്കിയ ദയാഹര്‍ജിയാണ് അനന്തമായി നീണ്ടതിനാല്‍ സുപ്രീംകോടതി ഇപ്പോള്‍ വധശിക്ഷ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചതും ജയലളിത അവരെ വിട്ടയക്കാന്‍ തീരുമാനമെടുത്തതും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ മുതലെടുപ്പ് തടയാനായിരിക്കും ബുദ്ധിമതിയായ ജയലളിത രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കുകയാണെന്ന് കാണിച്ച് ഗവര്‍ണര്‍ക്കും കേന്ദ്രത്തിനും കത്ത് നല്‍കിയത്.
ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. 23 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് ജീവപര്യന്തത്തിന് തുല്യമാണ്. ഇവരെ വിട്ടയക്കാനുള്ള തീരുമാനം സ്വാഗതംചെയ്ത് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞത് ഇത് അവരുടെ മനുഷ്യാവകാശമാണെന്നാണ്. കരുണാനിധിയും ഇവരുടെ ജയില്‍വാസം കണക്കിലെടുത്ത് വിട്ടയക്കേണ്ടതാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
സുപ്രീംകോടതി വിധി ചരിത്രപരമായാണ് പരക്കെ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയെപ്പോലെ ഒരു ഉന്നതനെ വധിച്ചിട്ടും അതിലെ മനുഷ്യാവകാശ വശത്തെ പരിഗണിച്ചതിനാല്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ നീതിബോധം പ്രശംസിക്കപ്പെടുന്നുണ്ട്. ദയാഹര്‍ജികള്‍ തീര്‍പ്പാക്കാനും വധശിക്ഷ ജീവപര്യന്തമാക്കാനുമുള്ള അപേക്ഷകള്‍ അനന്തമായി നീണ്ടാല്‍ വധശിക്ഷ ജീവപര്യന്തമാക്കാമെന്നാണ് സുപ്രീംകോടതി വിധി. രാജീവ് വധക്കേസിലെ പ്രതികള്‍ കഴിഞ്ഞ 23 വര്‍ഷമായി നിയമനടപടി നേരിടുകയാണ്. രാജീവിനെ വധിക്കാനയച്ച അഞ്ചംഗ സംഘത്തില്‍പ്പെട്ട നളിനിയുടെ വധശിക്ഷയും ജീവപര്യന്തമാക്കിയിരുന്നു. 2011 ല്‍ മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ ദയാഹര്‍ജി സുപ്രീംകോടതി ആദ്യം തള്ളിയത് 11 വര്‍ഷത്തിന് ശേഷമായിരുന്നു. ഇത്രയും കാലതാമസം വന്ന സാഹചര്യത്തിലാണ് വധശിക്ഷയില്‍ ഇളവ് വേണമെന്നപേക്ഷിച്ച് ഇവര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്നാട് ഈ മൂവരുടെയും വധശിക്ഷ ഇളവുചെയ്യണമെന്നാവശ്യമുയര്ത്തിയത് മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമല്ല എല്‍ടിടിഇ അംഗങ്ങളായ ഇവര്‍ നിരപരാധികളായ തമിഴരാണെന്നും കൂടി പറഞ്ഞാണ്. വധശിക്ഷ തന്നെ റദ്ദാക്കണമെന്ന ആവശ്യം ഇന്ന് ശക്തമാണ്.
വധശിക്ഷ എന്നാല്‍ ജീവന് എടുക്കലാണെങ്കിലും അതാത് സര്‍ക്കാരുകള്‍ക്ക് ശിക്ഷക്ക് ‘റിവിഷന്‍’ നല്‍കാനുള്ള അധികാരവും സുപ്രീംകോടതി നല്‍കിയതാണ്. വധശിക്ഷ കുറക്കാന്‍ കാലതാമസം ഒരു മാനദണ്ഡമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത് മനുഷ്യത്വപരവും സ്വാഗതാര്‍ഹവുമാണെന്ന് കരുതുന്നവരുണ്ട്. കേസുകളില്‍ ഉള്‍പ്പെടുന്നവരും വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട് കാത്തിരിക്കുന്നവര്‍ക്കും ഈ വിധി തീര്‍ച്ചയായും ആശ്വാസകരമാണ്. കഴുത്തില്‍ കയര്‍ പ്രതീക്ഷിച്ച് 23 വര്‍ഷം തടവില്‍ കഴിയുന്നതുതന്നെ വധശിക്ഷക്ക് സമാനമാണെന്നാണ് ഇവരുടെ വാദം. വനംകൊള്ളക്കാരനായ വീരപ്പന്റെ കൂട്ടാളികളായ 15 പേരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.
അന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത് ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടായാല്‍ വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു. ആ വിധിയാണ് ഇന്ന് രാജീവ്ഗാന്ധിയുടെ കൊലയാളികളെ കൊലമരത്തില്‍നിന്നും രക്ഷിച്ചത്. കുറ്റവാളിക്കും മനുഷ്യാവകാശമുണ്ടെന്നും നീതിക്ക് അര്‍ഹനാണെന്നുമുള്ള മൂല്യമാണ് ഈ ചരിത്രപരമായ വിധി വഴി സുപ്രീംകോടതി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ ഇതിനൊരു മറുവശമുള്ളത് കാണാതിരുന്നുകൂടാ. വളരെ ആസൂത്രിതമായി മനുഷ്യത്വരഹിതമായ കൊലപാതകം നടത്തിയിട്ട് മനുഷ്യാവകാശത്തിന്റെ പേരിലും മറ്റും ശിക്ഷയില്‍ ഇളവ് ആവശ്യപ്പെടുന്നതും അത് അനുവദിക്കുന്നതും നീതിബോധത്തെത്തന്നെ കീഴ്മേല്‍ മറിക്കും. ഭീകരര്‍ക്കും മനുഷ്യാവകാശമുണ്ടെന്നുവന്നാല് ഏത് രാജ്യത്തിനാണ് സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പുവരുത്താനാകുക? രാജീവ് വധക്കേസിലെ പ്രതികള്‍ ജയില്മോചിതരാകുന്നതിനെ സ്വാഗതം ചെയ്യുന്നവര്‍ ഈ ചോദ്യത്തിന് മറുപടി പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: