തിരുവനന്തപുരം: ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് പുതിയ ആഭ്യന്തരമന്ത്രി പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിക്കെതിരെ ഐപിഎസ് അസോസിയേഷന് രംഗത്ത്. അകാരണമായ സ്ഥലം മാറ്റത്തിനെതിരെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപക അതൃപ്തി ഉയര്‍ന്ന സാഹചര്യത്തിലാണ് അസോസിയേഷന് ഇതുസംബന്ധിച്ച് സര്‍ക്കാറിനെ സമീപിക്കാനൊരുങ്ങുന്നത്. മതിയായ കാരണമില്ലാതെ രണ്ടുവര്‍ഷത്തിനിടെ ആരെയും സ്ഥലംമാറ്റാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം പോലും മറികടന്നാണ് ഇത്തവണത്തെ സ്ഥലം മാറ്റം. ഈ സാഹചര്യത്തിലാണ് നിയമനടപടിക്കായി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്ന കാര്യം പരിഗണിക്കുന്നത്. അകാരണമായി സ്ഥലംമാറ്റപ്പെട്ടവരില്‍ ചിലര്‍ മുതിര്‍ന്ന ഐപിഎസുകാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.
പുതിയ സ്ഥലംമാറ്റങ്ങള്‍ ചട്ടങ്ങളും കീഴ്വഴക്കങ്ങളും സമ്പൂര്‍ണമായി അട്ടിമറിച്ചാണ് മാറ്റങ്ങളെന്ന് ചൂണ്ടിക്കാണിച്ചാണ് ഐ പി എസ് അസോസിയേഷന് സര്‍ക്കാരിനെ സമീപിക്കുന്നത്. ആവശ്യമെങ്കില്‍ നിയമനടപടിയും സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിവിധ ജില്ലകളുടെ ചുമതല ഉണ്ടായിരുന്ന ആറ് ഐപിഎസുകാരെയാണ് കുറഞ്ഞ കാലാവധിക്കിടെ ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. ചുരുങ്ങിയ കാലത്തിനിടെ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ഡോ. ശ്രീനിവാസിനെ തിരുവനന്തപുരം ഡിസിപിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കഴിഞ്ഞ ഡിസംബറില്‍ കണ്ണൂരിലേക്ക് സ്ഥലംമാറ്റിയത്. കണ്ണൂരില്‍ രണ്ട് മാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് വീണ്ടും തലസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്. വയനാട്ടില്‍ മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം നല്കിയ എസ്പി മജ്ഞുനാഥിനെ മൂന്നുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്ഥലം മാറ്റുന്നത്. ഒപ്പം മാവോയിസ്റ്റ് വിരുദ്ധനീക്കത്തിന്റെ ചുമതലയുമായി രണ്ടുമാസം മുമ്പ്് മലപ്പുറത്തെത്തിയ പുട്ട വിമലാദിത്യയെയാണ് ഇപ്പോള്‍ വയനാട്ടിലേക്ക് നിയമിച്ചിരിക്കുന്നത്.
എന്നാല്‍ മാറ്റങ്ങള്‍ മാവോയിസ്റ്റ് വേട്ടയെ നിര്‍വീര്യമാക്കുമെന്നാണ് കരുതപ്പെടുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലെന്ന് ആഭ്യന്തരവകുപ്പ് പറയുന്ന മലബാര്‍ ജില്ലകളില്‍ ചെറുപ്പക്കാരായ ഐപി എസുകാരെ നിയോഗിച്ചുകൊണ്ടുള്ള ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. അജിതാ ബീഗം തൃശൂരില്‍ നിന്നും ഉമാ ബെഹ്റ ആലപ്പുഴയില്‍ നിന്നും സ്ഥംമാറ്റപ്പെടുന്നത് വെറും ഏഴ് മാസത്തിനിടെയാണ്. തിരുവനന്തപുരം സിറ്റി കമ്മിഷണറായിരുന്ന ഡിഐജി പി. വിജയന് കസേരയുടെ ആയുസ്സ് ഒരു വര്‍ഷം കടക്കാതിരിക്കാന്‍ കാരണം കേന്ദ്ര-സംസ്ഥാന മന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിയാണെന്നാണറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: