ആലപ്പുഴ: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മറവില്‍ ചികിത്സാ കാര്യങ്ങളില്‍ വരെ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനി ഇടപെടുന്നു. ചികിത്സയില്‍ കഴിയുന്ന രോഗിയെ എത്രദിവസം കിടത്തണമെന്നത് പോലും ഇന്‍ഷ്വറന്‍സ് കമ്പനി നിശ്ചയിക്കുന്ന അവസ്ഥയാണ്. മാത്രമല്ല സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനി കോടികള്‍ നല്‍കാനുണ്ടെന്നും വെളിവായിട്ടുണ്ട്.
ആര്‍എസ്ബിവൈ ചിയാക്ക് പദ്ധതി പ്രകാരം കിടത്തിചികിത്സിക്കുന്നവര്ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ . സാധാരണ രോഗങ്ങള്‍ക്ക് എഴുപതിനായിരം രൂപ വരെയും വൃക്കരോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഒരുലക്ഷം വരെയുമാണ് ഇന്‍ഷ്വറന്‍സ് ആനുകൂല്യം നല്‍കുക. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ കൂടുതല്‍ ദിവസം കിടത്തി ചികിത്സിക്കുന്നതിന് ഇന്‍ഷ്വറന്‍സ് കമ്പനി അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.കൂടുതല്‍ ദിവസം രോഗികളെ കിടത്താതിരിക്കാന്‍ ഡോക്ടര്മാമര്ക്ക്മേല് കടുത്ത സമ്മര്‍ദ്ദമാണ് ഇന്‍ഷ്വറന്‍സ് കമ്പനി ചെലുത്തുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സകളും മറ്റും നിരീക്ഷിക്കാന്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനി ഏജന്റുമാരെ വരെ നിയമിച്ചിട്ടുണ്ട്. കൂടുതല്‍ ദിവസം കിടത്തിചികിത്സ നടത്തിയെന്നും മറ്റുമാരോപിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള കോടിക്കണക്കിന് രൂപയാണ് റിലയന്‍സ് തടഞ്ഞുവെച്ചിട്ടുള്ളത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാചിലവിനത്തില്‍ നല്‍കാനുള്ള മൂന്ന് കോടിയിലേറെ രൂപയും ജനറല്‍ ആശുപത്രിക്ക് ഒരു കോടിയോളം രൂപയും ഇന്‍ഷ്വറന്‍സ് കമ്പനി തടഞ്ഞുവച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ചികിത്സയില്‍ വരെ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനി ഇടപെടുന്നത് ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.രോഗികളെ ചികിത്സിച്ചതിന്റെ രേഖകളുമായി റിലയന്‍സിന്റെ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും.
സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ വേഗം ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതര്‍ പക്ഷേ സ്വകാര്യ ആശുപത്രികളില്‍ ഇതിന് കടകവിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളെ ഒഴിവാക്കി സ്വകാര്യകമ്പനിക്ക് പദ്ധതി നടത്തിപ്പ് കൈമാറിയത് മുതലാണ് ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതെന്നും അധികൃതര്‍ പറയുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: