തൃശൂര്‍: ആര്‍എസ്എസ് കണ്ണന്‍കാട് ശാഖാ കാര്യവാഹ് കരുമത്തില്‍ മോഹനന്റെ മകന് ഷാരോണിനെ (24) കുത്തിക്കൊന്ന കേസില്‍ സിപിഎംകാരായ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി.ജ്യോതീന്ദ്രനാഥ് കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ 19ന് പ്രഖ്യാപിക്കും. മുല്ലശ്ശേരി സ്വദേശികളായ കണ്ണംപറമ്പില്‍ വിഷ്ണു (19), നെടിയേടത്ത് രാഹുല്‍ (20), കുട്ടാട്ട് നിഖില്‍ (21), കാമ്പറത്ത് ശ്രീഖില്‍ (20), വടേരി ഷാജി (24) എന്നിവരാണ് പ്രതികള്‍.
2012 ജനുവരി 19ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഷാരോണും മുല്ലശ്ശേരി അടിയാറെ വീട്ടില്‍ മുരുകേശെന്റ മകന് മുകേഷും ശാഖ കഴിഞ്ഞ് മുല്ലശ്ശേരി മെഡിക്കല്‍ ഷോപ്പിലേക്ക് വരുന്നവഴി വില്ലേജ് ഓഫീസിന് സമീപം അഞ്ചു പ്രതികളും ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി ഒന്നാം പ്രതി വിഷ്ണുവും ബാക്കിയുള്ള പ്രതികളും ആക്രമിക്കുകയായിരുന്നു. വിഷ്ണു എസ് മോഡല്‍ കത്തികൊണ്ട് ഷാരോണിന്റെ നെഞ്ചില്‍ കുത്തിയിറക്കി. നിലവിളി കേട്ട് നാട്ടുകാര്‍ വരുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. സാക്ഷികളായ സുധാകരന്, മുകേഷ് എന്നിവര്‍ ഫോണ്‍ വിളിച്ചതനുസരിച്ച് പാവറട്ടി ആശുപത്രിയിലും ഗുരുതര പരിക്കായതിനാല്‍ തൃശൂര്‍ അമലയിലും എത്തിച്ചു. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും പിറ്റേന്ന് രാവിലെ ആറുമണിയോടെ മരിച്ചു. കുത്തേറ്റ് കരള്‍ തുളഞ്ഞ് മുറിഞ്ഞ് പുറത്തുവരികയും ഡയഫ്രത്തില്‍ ആഴത്തില്‍ കത്തി തുളഞ്ഞു കയറിയതായും പോലീസ് സര്ജന് സഞ്ജയ് മൊഴി നല്കി.
പ്രോസിക്യൂഷന് ഭാഗത്ത് 32 സാക്ഷികള്‍ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട 19 സാക്ഷികളെയും 46 രേഖകളും എസ് മോഡല്‍ കത്തി ഉള്‍പ്പെടെ എട്ട് തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കി. 2012 ജനുവരി 21ന് അറസ്റ്റിലായ പ്രതികള്‍ക്ക് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും വിചാരണത്തടവുകാരായി കണ്ട് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഗുരുവായൂര്‍ സി.ഐ കെ.ജി.സുരേഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളെ റിമാന്റ് ചെയ്ത് വിയ്യൂര്‍ സെന്റര്‍ ജയിലിലേക്കയച്ചു.പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: