ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിക്കുന്ന തെലങ്കാന ബില്‍ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെയാണ് ബില്ല് പാസായത്. ലോക് സഭ കടന്ന ബില്‍ രാജ്യസഭയും പാസാക്കുന്നതോടെ രാജ്യത്തെ 29-ാമത് സംസ്ഥാനമായി തെലങ്കാന നിലവില്‍ വരും.
ഹൈദരാബാദിനെ തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളിയ ശേഷമാണ് തെലങ്കാന ബില്‍ ബിജെപിയുടെ അനുകൂല നിലപാടോടെ സഭ പാസാക്കിയത്. ഇലക്ട്രോണിക് വോട്ടിംഗ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അനുവദിച്ചില്ല. സഭയില്‍ ബില്ലവതരിപ്പിച്ച രീതിയെ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അപലപിച്ചു. പത്തുവര്‍ഷത്തോളം ഭരിച്ചശേഷം അവസാന പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസത്തേക്ക് ബില്ല് മാറ്റിവെച്ചതിനെ അംഗീകരിക്കാനാവില്ല. ലോക്സഭാ ടിവിയുടെ സംപ്രേഷണം നിര്‍ത്തിയത് മനപ്പൂര്‍വ്വമാണെന്നും സുഷമ ആരോപിച്ചു.
മുഖ്യപ്രതിപക്ഷമായ ബിജെപി ബില്ലിനെതിരെ കൊണ്ടുവന്ന ഭേദഗതികളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സീമാന്ധ്രയ്ക്ക് കൂടുതല്‍ കേന്ദ്രസഹായം നല്‍കും. ബില്ലില്‍ വരുത്തിയ 38 ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ലോക്സഭയില്‍ തെലങ്കാന വിഭജനത്തിന് അംഗീകാരം നേടാനായത്.
കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചയായി ഇന്നലെ രാവിലെ സഭ സമ്മേളിച്ചതു മുതല്‍ തെലങ്കാനയ്ക്കെതിരായ പ്രതിഷേധം ശക്തമായിരുന്നു. സുശീല്‍കുമാര്‍ ഷിന്‍ഡെ സഭയില്‍ ബില്ലവതരിപ്പിച്ചു. മന്ത്രിമാരടക്കമുള്ള ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ സഭ 12 മണി വരെ നിര്‍ത്തിവെച്ചു. എന്നാല്‍ പന്ത്രണ്ടു മണിക്കും രണ്ടു മണിക്കും പിന്നീട് സഭ സമ്മേളിച്ചപ്പോഴും ബഹളത്തേ തുടര്‍ന്ന് നിര്‍ത്തേണ്ടിവന്നു. സിപിഎം, ടിഡിപി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും സീമാന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളുമാണ് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചത്. മൂന്നു മണിക്കും ബഹളമായതോടെ ലോക്സഭാ ടെലിവിഷന്‍ സംപ്രേഷണം നിര്‍ത്തിവെയ്പ്പിച്ച ശേഷം സ്പീക്കര്‍ ശബ്ദവോട്ടിംഗ് നടത്തി ബില്‍ പാസായതായി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: