കോഴിക്കോട്: സഹകരണ രംഗത്തെ ദേശീയ സംഘടനയായ സഹകാര്‍ ഭാരതിയുടെ 3-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 22,23 തീയതികളില്‍ കോഴിക്കോട്ട് നടക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ശുദ്ധി, വൃദ്ധി, പ്രചാരം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ സഹകരണ സംഘടനയായ സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനത്തില്‍ 800 പ്രതിനിധികള്‍ പങ്കെടുക്കും. സഹകരണ റാലിയും പൊതുസമ്മേളനവും ഇതിന്റെ ഭാഗമായി നടക്കും.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബദല്‍ സാമ്പത്തിക മാതൃക സഹകരണ പ്രസ്ഥാനം എന്ന ആശയം മുന്‍ നിര്‍ത്തിയാണ് സമ്മേളനം. 97-ാമത് ഭരണഘടനാ ഭേദഗതി സഹകരണ പ്രസ്ഥാനത്തിന് നല്കുന്ന സാധ്യതകളും വെല്ലുവിളികളും, പ്രകാശ് ബക്ഷി റിപ്പോര്‍ട്ട്, പ്രത്യക്ഷ നികുതി കോഡ് ബില്‍ എന്നിവയില്‍ സഹകരണ പ്രസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍, റിസര്‍വ്വ് ബാങ്കിന്റെ തടസ്സവാദങ്ങള്‍, സഹകരണ രംഗത്തെ അഴിമതി, അമിതമായ രാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.
22ന് വൈകു. 4 ന് ചാലപ്പുറം മാധവകൃപയില് സംസ്ഥാന നിര്‍വാഹക സമിതി യോഗം നടക്കും. 23 ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കോഴിക്കോട് ജൂബിലി ഹാളില്‍ ഗോവാമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഉദ്ഘാടനം ചെയ്യും. സഹകാര്‍ ഭാരതി ദേശീയ പ്രസിഡന്റ് സതീശ് മാറാഠെ മുഖ്യ പ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, മുഖ്യാതിഥിയായിരിക്കും. സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന്, ബിജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് എന്നിവര്‍ പ്രസംഗിക്കും. 23 ന് രാവിലെ 10ന് നടക്കുന്ന സംസ്ഥാന സഭ ദേശീയ സംഘടനാ കാര്യദര്‍ശി വിജയ് ദേവാംഗന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി. കെ. കൃഷ്ണദാസ്, ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.
സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍. സദാനന്ദന്, ജില്ലാ സെക്രട്ടറി ടി. നന്ദനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: