ന്യൂദല്‍ഹി: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി. പ്രതികളായ ശാന്തന്, മുരുകന്, പേരറിവാളന് എന്നിവര്‍ക്കാണ് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമെടുത്തെന്ന കാരണത്താല്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ആനുകൂല്യം കിട്ടിയത്. പ്രതികളെ എപ്പോള്‍ മോചിപ്പിക്കണമെന്ന് കേന്ദ്ര-തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ഇതിന് സംസ്ഥാന സര്‍ക്കാരിന് അനുവാദവും നല്കി. 23 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികളുടെ മോചനത്തിനും ഈ പരാമര്‍ശം സാധ്യത തുറന്നിട്ടുണ്ട്.
ദയാഹര്‍ജിയില്‍ തീരുമാനം എടുക്കുന്നത് വൈകിയാല്‍ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുമെന്ന് ഭുള്ളര്‍ കേസില്‍ ജനുവരി 21ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജീവ് വധക്കേസിലെ പ്രതികള്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയത്. ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ 11 വര്‍ഷം കാലതാമസം ഉണ്ടായെന്നും അതിനാല്‍ വധശിക്ഷയില്‍ ഇളവു നല്‍കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, എസ്.കെ. സിംഗ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റേതാണ് നിര്‍ണ്ണായകമായ വിധി.
മുന്‍ പ്രധാനമന്ത്രിയെ വധിച്ച കേസിലെ പ്രതികളുടെ ശിക്ഷയില്‍ ഇളവു അനുവദിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നിലപാടിനെ സുപ്രീംകോടതി തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: