ആറന്മുള: ആറന്മുള ക്ഷേത്രത്തിനും ആചാരങ്ങള്‍ക്കും വിമാനത്താവള പദ്ധതി ദോഷം ചെയ്യുമെന്ന് ഹൈക്കോടതിയില്‍ അഭിഭാഷക കമ്മീഷന് നല്കിയ റിപ്പോര്‍ട്ട് മതസ്പര്‍ദ്ധ വളര്‍ത്തും എന്ന തരത്തില്‍ മാരാമണ്‍ കണ്വന്ഷന് വേദിയില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നടത്തിയ പരാമാര്‍ശം ഖേദകരവും വസ്തുതാവിരുദ്ധവുമെന്ന് ആറന്മുള പൈതൃക ഗ്രാമകര്മ്മ സമിതി പ്രസിഡന്റ് പി.ഇന്ദുചൂഡന് അറിയിച്ചു. എന്നാല്‍ കണ്‍വന്‍ഷനുവേണ്ടി വിമാനത്താവളം വേണ്ടായെന്ന അദ്ദേഹത്തിന്റെ നിലപാടിനെ സര്‍വ്വാത്മന സ്വാഗതം ചെയ്യുന്നതായും കര്‍മ്മസമിതി അറിയിച്ചു.
വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കെജിഎസ് നല്കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ആറന്മുള ക്ഷേത്രകൊടിമരത്തെയും ഗോപുരത്തെയും കുറിച്ച് ദോഷകരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും കമ്മീഷനെ നിയമിക്കുകയും ചെയ്യുകയാണുണ്ടായത്. ആറന്മുളക്ഷേത്രവും പദ്ധതി പ്രദേശവും സന്ദര്‍ശിച്ചു പഠനം നടത്തിയ കമ്മീഷന് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിന്റെ 15-ാം പേജില്‍ കെജിഎസ് കമ്പനിയുടെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്കുകള്‍ എന്നിവയെപ്പറ്റി തെറ്റിധാരണാപരമായ വസ്തുതകളാണ് ചേര്‍ത്തിരിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുന്നതുകൊണ്ട് ശബരിമല, മാരാമണ്‍ കണ്വന്ഷന്, എരുമേലി ചന്ദനക്കുടം, പരുമല പള്ളി, ചെറുകോല്‍പ്പുഴ കണ്വന്ഷന് , മഞ്ഞനിക്കര തീര്‍ത്ഥാടനം എന്നിവയ്ക്ക് ഗുണകരമെന്നു പറയുകയും, 500 മീറ്റര്‍ അടുത്തുള്ളതും 1500 വര്‍ഷം പഴക്കമുള്ളതും വര്‍ഷംതോറും ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ എത്തുകയും ചെയ്യുന്ന ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തെപ്പറ്റി പരാമര്‍ശിക്കാതിരിക്കുകയും ചെയ്തതിലെ ദുരൂഹത കോടതിക്ക് മുമ്പാകെ ചൂണ്ടികാണിക്കുകയുമായിരുന്നു കമ്മീഷന് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കെജിഎസ് പ്രോജക്ട് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കമ്മീഷന്റേതായി ചിത്രീകരിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു കണ്വന്ഷന് നഗറിലെ പ്രസംഗം.
വസ്തുതകള്‍ ഇതായിരിക്കെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മനസ്സിലാക്കാതെ മെത്രാപ്പേവലീത്ത നടത്തിയ പരാമര്‍ശങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ റിപ്പോര്‍ട്ടിലെ സത്യങ്ങള്‍ മനസ്സിലാക്കി പ്രസ്താവന പിന്‍വലിക്കണമെന്ന് പി.ഇന്ദുചൂഡന് ആവശ്യപ്പെട്ടു. തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് തിരുവനന്തപുരത്ത് താമസിക്കുകയും സ്വന്തം ജന്മഗ്രഹവും സ്ഥലവും കൈമാറ്റം ചെയ്യാതെ മഹത്തായ പൈതൃകമായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന സര്‍വ്വാദരണീയമായ വ്യക്തിത്വമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള മനുഷ്യസ്നേഹികള്‍ നാടിന്റെ വിഷമസ്ഥിതിയില്‍ പങ്കു ചേരുന്നതില്‍ ജാതിമതഭേതമെന്യേ ആറന്മുള നിവാസികള്‍ അഭിമാനിക്കുന്നതായും പി. ഇന്ദുചൂഡന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: