ആലപ്പുഴ: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നും അതിനാലാണ് റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനി ഇന്‍ഷ്വറന്‍സ് തുക തടഞ്ഞുവച്ചിരിക്കുന്നതെന്ന് തൊഴില്‍മന്ത്രി ഷിബുബേബി ജോണ്‍. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ ‘രോഗികളുടെ കിടത്തി ചികിത്സയ്ക്ക് റിലയന്‍സ് വിലക്ക്’ എന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ മറവില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നത്. അഞ്ച് ശതമാനം ഇന്‍സെന്റീവിന് വേണ്ടി ആശുപത്രി അധികൃതര്‍ കൂടുതല്‍ ബില്‍ തുക നല്‍കുന്നതായി വ്യാപക പരാതികളുണ്ട്. ഈ സാഹചര്യത്തിലാണ് റിലയന്സുകാര്ക്ക് ഇന്‍ഷ്വറന്‍സ് തുക തടയേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു. ആശുപത്രികള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പരാതികളുണ്ടെങ്കില്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനതല കമ്മറ്റിക്ക് പരാതി നല്‍കാനുള്ള അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മറവില്‍ വന്‍ വെട്ടിപ്പ് നടക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇതൊഴിവാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നും ഇന്‍ഷ്വറന്‍സ് തുകയ്ക്ക് വേണ്ടി അവര്‍ പരാതി പറയുന്നത് ശരിയല്ലെന്നും ഷിബുബേബി ജോണ്‍ പറഞ്ഞു.
എന്നാല്‍ റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇടപെടല്‍ രോഗികളുടെ ചികിത്സയെ വരെ ബാധിക്കുന്ന സാഹചര്യത്തില്‍ അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. രോഗികളെ കൂടുതല്‍ ദിവസം കിടത്തി ചികിത്സ നടത്തിയെന്നും മറ്റും ആരോപിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള കോടിക്കണക്കിന് രൂപ റിലയന്‍സ് തടഞ്ഞുവച്ചിട്ടുള്ളതായി ജന്മഭൂമി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: