തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ അശാസ്ത്രീയ തീരുമാനംമൂലം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ഇത്തവണ പ്ലസ് വണ്‍ പരീക്ഷ എഴുതാനാവില്ല. 80 ശതമാനം അന്ധത ബാധിച്ച വിദ്യാര്‍ഥികള്‍ക്കു മാത്രം പരീക്ഷയ്ക്ക് സഹായിയെ അനുവദിച്ചാല്‍ മതിയെന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിജ്ഞാപനമാണ് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വെട്ടിലാക്കിയത്. ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനായി നടപ്പാക്കിയ സംയോജിത വിദ്യാഭ്യാസ പദ്ധതിയിലെ അവകാശങ്ങളാണ് ഹയര്‍സെക്കന്‍ഡറി നിഷേധിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്ന അതേ ആനുകൂല്യങ്ങളാണ് കഴിഞ്ഞ വര്‍ഷംവരെ ഹയര്‍സെക്കന്‍ഡറിയിലും അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിജ്ഞാപനപ്രകാരം ഇത്തവണ പ്ലസ് ടു പരീക്ഷയ്ക്ക് ഈ വിഭാഗത്തില്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കെല്ലാം സഹായിയെ ലഭിക്കും. എന്നാല്‍ ഒന്നാം വര്‍ഷ പരീക്ഷയുടെ വിജ്ഞാപനത്തില്‍ 80 ശതമാനം കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്കേ സഹായിയെ അനുവദിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രകാരം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സഹായിയുടെ സേവനം ലഭിക്കില്ല. ഇവര്‍ക്ക് വ്യാഖ്യാതാവ് മാത്രം മതിയെന്ന നിലപാടാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് സ്വീകരിച്ചത്. 40 മുതല്‍ 79 ശതമാനംവരെ വൈകല്യമുള്ള കുട്ടികള്‍ പരീക്ഷ കേട്ടെഴുതണമെന്നത് അവഗണനയാണ്.
1995 ലെ വികലാംഗ സംരക്ഷണ നിയമപ്രകാരം ഈ കുട്ടികള്‍ക്ക് പരീക്ഷാ സഹായിയുടെ സേവനം കുട്ടികളുടെ അവകാശമായി നിലനില്‍ക്കുന്നുണ്ട്. ഇൗ കുട്ടികള്‍ക്ക് സ്ക്രൈബിന്റെയും ഇന്റര്പ്രട്ടറുടെയും സേവനം അവകാശമായിരുന്നു. മാര്‍ച്ച് മൂന്നിന് തുടങ്ങുന്ന പരീക്ഷയില്‍ ഇപ്പോഴുള്ള ഉത്തരവ്അനുസരിച്ച് നിരവധി കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് രക്ഷിതാക്കളുടെ സംഘടനകള്വ്യക്തമാക്കി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് കിട്ടിയ എല്ലാ ആനുകൂല്യങ്ങളും ഹയര്‍ സെക്കന്‍ഡറിയിലും മുന്‍ വര്‍ഷങ്ങളിലേതുപോലെ പുനസ്ഥാപിക്കണമെന്നാണ് ഈ വിഭാഗത്തലെ ആവശ്യം. തിരുവനന്തപുരം ജില്ലയില്‍ മാത്രം എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: