കോഴിക്കോട്: ലോകമിന്ന് ഒരു പരിവര്‍ത്തനത്തിന് വേണ്ടി ദാഹിക്കുകയാണെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. കോഴിക്കോട് വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ അമ്മ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു. സംഘര്‍ഷത്തിന്റെയും വിദ്വേഷത്തിന്റെയും കരിമേഘങ്ങള്‍ നമ്മുടെ ആകാശങ്ങളെ മൂടിക്കെട്ടിയിരിക്കുന്നു. പീഡനമേല്‍ക്കുന്ന ബാല്യവും വഴിതെറ്റുന്ന യുവത്വവും ചവിട്ടിയരക്കപ്പെടുന്ന സ്ത്രീത്വവും അവഗണയിലാണ്ട വാര്‍ദ്ധക്യവും നമ്മുടെ ഹൃദയഭാരത്തെ വര്‍ദ്ധിപ്പിക്കുന്നു. ഈ ഇരുളില്‍ ഒരു കാരുണ്യ സ്പര്ശനത്തിനായി ലോകം കാത്തിരിക്കുകയാണ്. ഒരുമയും സ്നേഹവും ലോകത്തിന്റെ ഇരുട്ടകറ്റാന്‍ ഉപകരിക്കും. ഒരുമയില്ലാത്ത ലോകത്തില്‍ സുഖവും സൗന്ദര്യവും ഉണ്ടാകില്ല്. ഓരോ നിറത്തിനും ഭംഗിയുണ്ടെങ്കിലും അവ മഴവില്ലിനെപ്പോലെ ഹൃദയഹാരിയാകില്ല. ആകാശത്തെ മഴവില്ലുപോലെ പ്രേമവും ഒരുമയും തീര്‍ത്ത മനോഹരമായ മഴവില്ലുണ്ടാകാനുള്ള ശ്രമമാണ് ജീവിതംകൊണ്ട് ഉണ്ടാകേണ്ടത്.
മൂല്യങ്ങള്‍ ലോകത്ത് ശോഷിച്ചുവരികയാണ്. മൂല്യങ്ങളാണ് നമ്മുടെ അടിത്തറ. അടിത്തറ ശക്തമല്ലെങ്കില്‍ ജീവിതം തന്നെ തകര്‍ന്നുപോകും. ഭൂമി ഒരു ഗ്രാമമായി ചുരുങ്ങുമ്പോള്‍ മനുഷ്യരുടെ ഹൃദയങ്ങള്‍ തമ്മിലുള്ള അകലങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സമയം ലാഭിക്കാന്‍ അനേകം ഉപാധികളുണ്ടെങ്കിലും നമുക്ക് വിശ്രമിക്കാന്‍ പോലും സമയമില്ലാതായിരിക്കുന്നു. മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും ഇന്ന് കൂടി വരുന്നു. സ്നേഹം കൊണ്ട് ഹൃദയങ്ങള്‍ ഒന്നായി ത്തീരുകയും ഹൃദയങ്ങളില്‍ നിന്നുദിക്കുന്ന വിപ്ലവം കൊണ്ട് സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാവുകയും വേണം. സ്നേഹിക്കുവാനും സേവിക്കുവാനും പ്രാപ്തമാകുന്ന ഒരു ആന്തരിക വിപ്ലവമാണ് ഇന്നാവശ്യം-അമ്മ പറഞ്ഞു. ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവം ഇന്ന് സമാപിക്കും. ജന്മഭൂമിയുടെ അമ്മ പതിപ്പ് മാനേജര്‍ വി. അനില്‍കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. അരുണ്‍, ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി. രാജേഷ് എന്നിവര്‍ അമ്മക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: