പത്തനംതിട്ട: 2013-2014 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ഒരു മാസം മാത്രം അവശേഷിക്കെ പുതുപ്പള്ളി നിയോജക മണ്ഡലം എംഎല്‍എയും മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും മലപ്പുറം ജില്ലയില്‍ തിരൂര്‍ എംഎല്‍എ സി. മമ്മൂട്ടിയും ഒരു രൂപ പോലും വിനിയോ ഗിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ.
2013-2014 സാമ്പത്തിക വര്‍ഷം കോട്ടയം ജില്ലയിലെ ഓരോ എംഎല്‍എയ്ക്കും വിനിയോഗിക്കുവാന്‍ രണ്ടര കോടി രൂപ വീതവും മലപ്പുറം ജില്ലയിലെ ഓരോ എംഎല്‍എയ്ക്കും വിനിയോഗിക്കുവാന്‍ ഒരു കോടി രൂപ വീതവുമാണ് എംഎല്‍എ ഫണ്ടായി അനുവദി ച്ചിരുന്നത്. വിവരാവകാശ പ്രവര്‍ത്തകനും പത്തനംതിട്ട ആനപ്പാറ സ്വദേശിയുമായ റഷീദ് ആനപ്പാറയ്ക്ക് കോട്ടയം, മലപ്പുറം കളക്ട്രേറ്റുകളിലെ വിവരാവകാശ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകളിലൂടെയാണ് ഈ വിവരങ്ങള്‍ വ്യക്തമാകുന്നത്.
മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രാദേശിക ഫണ്ട് വിനിയോഗത്തില്‍ 2013-2014 വര്‍ഷത്തെ ഫണ്ടായി ലഭിച്ച മുഴുവന്‍ തുകയും 2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച വണ്ടൂര്‍ എംഎല്‍എയും മന്ത്രിയുമായ എ.പി. അനില്‍കുമാറും കോട്ടയ്ക്കല്‍ എംഎല്‍എ അബ്ദുള്‍ സമദാനിയുമാണ് മുന്നില്‍. തിരൂര്‍ എംഎല്‍എയായ സി. മമ്മൂട്ടി 2011-2012 വര്‍ഷത്തില്‍ ലഭിച്ച ഫണ്ടില്‍ 6,34,000/- രൂപയും, 2012-2013 വര്‍ഷം ലഭിച്ച എംഎല്‍എ ഫണ്ടില്‍ 81,73,000/- രൂപയും 2013-2014 വര്‍ഷം ലഭിച്ച ഒരു കോടി രൂപയും ഇനി ചെലവഴിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: