വെല്ലിംഗ്ടണ്‍: കൈപ്പിയില്‍ വന്ന വിജയം കളഞ്ഞുകുളിച്ച് ടീം ഇന്ത്യ വിദേശത്ത് ഒരു പരമ്പര കൂടി തോറ്റു. ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ പരമ്പര 1-0ന് കിവി പക്ഷികള്‍ കൊത്തിയെടുക്കുകയായിരുന്നു. ഓക്ലാന്റില് നടന്ന ആദ്യടെസ്റ്റില്‍ ആതിയേര്‍ 40 റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. വിദേശ മണ്ണില്‍ തുടര്‍ച്ചയായ നാലാം പരമ്പരയാണ് ഇന്ത്യ തോല്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ്-ഏകദിന പരമ്പര പരാജയപ്പെട്ടശേഷമായിരുന്നു ടീം ഇന്ത്യ ന്യൂസിലാന്റ് സന്ദര്‍ശനത്തിനെത്തിയത്. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിന്റെ കൂറ്റന്‍ ലീഡും ആദ്യ മൂന്ന് ദിനങ്ങളില്‍ വ്യക്തമായ മുന്‍തൂക്കവും നേടിയ ശേഷമാണ് ധോണിയും കൂട്ടരും മത്സരം കൈവിട്ടത്. നേരത്തെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നാലെണ്ണവും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മക്കല്ലത്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെയും നീഷാമിന്റെയും വാറ്റ്ലിംഗിന്റെയും സെഞ്ച്വറിയുടെയും കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 680 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറുമാണിത്. സ്കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്റ് 192, 680ന് 8 ഡി. ഇന്ത്യ 438, 166ന് 3 ടെസ്റ്റിന്റെ അഞ്ചാം ദിവസമായ ഇന്ന് 67 ഓവറില്‍ നിന്ന് 435 റണ്‍സ് എന്ന അപ്രാപ്യമായ വിജയ ലക്ഷ്യത്തെ പിന്തുടര്ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 166ന് 3 എന്ന നിലയില്‍ നില്‍ക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി സെഞ്ച്വറി നേടി. കോഹ്ലിയുടെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഒരു ഘട്ടത്തില്‍ മൂന്നിന് 54 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്ലിയുടെ സെഞ്ച്വറിയാണ് രക്ഷിച്ചത്. കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സുമായി രോഹിത് ശര്‍മ്മയായിരുന്നു കോഹ്ലിക്കൊപ്പം ക്രീസില്‍.
ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ട്രിപ്പിള്‍ സെഞ്ച്വറി തികച്ചതാണ് അവസാന ദിവസത്തെ പ്രത്യേകത. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലാന്റ് താരവുമായി മക്കല്ലം. മാര്ട്ടിന് ക്രോ നേടിയ 299 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയ മക്കല്ലം തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.
281 റണ്‍സുമായി ഇന്നലെ ബാറ്റിംഗ് തുടന്ന മക്കല്ലം 302 റണ്‍സ് നേടിയശേഷം സഹീര്‍ ഖാന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. 13 മണിക്കൂറോളം ക്രീസില്‍ നിന്ന മക്കല്ലം 559 പന്തുകള്‍ നേരിട്ട് 32 ഫോറും നാല് സിക്സും നേടി. സെഞ്ച്വറിയോടെ പുറത്താകാതെ നിന്ന ജിമ്മി നീഷം (137), നാലാം ദിനം പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വാറ്റ്ലിംഗ് എന്നിവര്‍ ക്യാപ്റ്റന്‍ ഉറച്ച പിന്തുണ നല്‍കുക കൂടി ചെയ്തു. മക്കല്ലത്തിന് പുറമെ ടിം സൗത്തി (11), വാഗ്നര്‍ (2) എന്നിവരാണ് ഇന്നലെ പുറത്തായ ന്യൂസിലാന്റ് ബാറ്റ്സ്മാന്മാര്. 94ന് 5 എന്ന നിലയില്‍ ഇന്നിംഗ്സ് തോല്‍വിയിലേക്ക് പോകുന്നതിനിടെയാണ് മൂവരും ചേര്‍ന്ന് ടീമിന്റെ രക്ഷകരായത്. ഇന്ത്യക്ക് വേണ്ടി സഹീര്‍ ഖാന് അഞ്ച് വിക്കറ്റ് നേടി.
435 റണ്‍സ് എന്ന അസാധ്യമായ വിജയലക്ഷ്യം ലഭിച്ച ഇന്ത്യ മത്സരം അവസാനിക്കാന്‍ 15 ഓവര്‍ ബാക്കിനില്‍ക്കേ 166ന് 3 എന്ന നിലയില്‍ എത്തിയപ്പോള്‍ മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്മാരും സമ്മതിച്ചു. 105 റണ്‍സ് നേടി പുറത്താകാതെ നിന്ന വിരാട് കോഹ്ലിക്ക് ഒരു ടെസ്റ്റ് സെഞ്ച്വറി കൂടി കരിയറില്‍ ലഭിച്ചു എന്നത് മാത്രമാണ് പ്രത്യേകത. മുരളി വിജയ് (7), ശിഖര്‍ ധവാന് (2), ചേതേശ്വര്‍ പൂജാര (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ്ക്ക് നഷ്ടമായത്. ന്യൂസിലാന്റിന്വേണ്ടിടിം സൗത്തി രണ്ടും ബൗള്‍ട്ട് ഒരു വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: