ദ്രഷ്ടാക്കളാണ് നമുക്ക് മന്ത്രങ്ങള്‍ തന്നത്. ഋഷികളാണ് മന്ത്ര ദ്രഷ്ടാക്കള്‍; അവരാണ് മന്ത്രങ്ങളില്‍ നിറഞ്ഞുകിടക്കുന്ന അന്തഃസത്തയെയും ആഗാധതാത്പര്യത്തെ യും സാക്ഷാത്കരിച്ച ജ്ഞാനികള്‍. ഓരോ മന്ത്രത്തിനും ഒരധിഷ്ഠാനദേവതയുണ്ട്. ഒരാള്‍ മന്ത്രം ജപിക്കുമ്പോള്‍ ദേവതയുടെ രൂപം മനസ്സില്‍ ധരിച്ചിരിക്കണമെന്നാണ് വയ്പ്പ്. പേരുചൊല്ലി വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഒരാളെപ്പോലെ ദേവതയെയും നാമംചൊല്ലി പ്രസാദിപ്പിക്കാനാകുമെന്നാണ് വിശ്വാസം. പതിനായിരം ഉരുമന്ത്രം ചൊല്ലിയാല്‍ മാത്രമേ ഒരാളില്‍ ജപത്തിന്റെ കൃപാമയമായ സ്വാധീനത കാണാന്‍ കഴിയൂ എന്നും വിശ്വസിക്കപ്പെടുന്നു. എപ്പോള്‍ ജപിക്കുമ്പോഴും മനോദൃഷ്ടിക്കുമുമ്പില് ദേവതാരൂപം സങ്കല്പ്പിക്കേണ്ടതാണ്; അതിന് സഹായകമാംവിധത്തിലാണ് മന്ത്രാത്മികയായ ദേവതയുടെ സ്വരൂപവര്ണനം ചെയ്യുന്ന ധ്യാനശ്ലോകം രചിക്കപ്പെട്ടിരിക്കുന്നത്.
വേദങ്ങളില്‍ ഉപാസനാഖണ്ഡത്തില് നിര്വഹിച്ചമാതിരിയുള്ള പൂജാസംവിധാനങ്ങളും ഒഴിച്ചുകൂടാത്തതാണെന്ന് ചിലര്‍ നിഷ്കര്‍ഷിക്കുന്നു. ജപസംഖ്യ വര്‍ധിക്കുന്തോറും ഹോമം, തര്‍പ്പണം, അന്നദാനം തുടങ്ങിയ മറ്റു വിശുദ്ധകര്‍മങ്ങളും ജപയോഗത്തിന്റെ അംഗങ്ങളെന്ന നിലയില്‍ ആചരിക്കപ്പെടേണ്ടതുണ്ടെന്ന് കടുത്ത കര്മകാണ്ഡികള് വിശ്വസിക്കുന്നു. ജപസാധകയുടെ ഹൃദയം ആത്മാര്‍ഥതയും വിശ്വാസദാര്ഢ്യവുമാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനത ഉപര്യക്തമായ നിബന്ധനകളെ അപ്പടി അംഗീകരിക്കുന്നില്ല; അവരുടെ അഭിപ്രായത്തില്‍ നിറഞ്ഞ ഭക്തിയൊത്ത നിര്മലഹൃദയമുള്ള ഒരാള്‍ക്ക് ബാഹ്യപരിപാടികളൊന്നുമില്ലാതെ തന്നെ ജപിക്കാമെന്നുള്ളതാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: