ന്യൂദല്‍ഹി: കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യതൊഴിലാളികളുടെ മരണത്തിനിടയാക്കിയ കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ തങ്ങളുടെ അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിയെ ഇറ്റലി തിരിച്ചു വിളിച്ചു.
നാവികര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങളും അവര്‍ക്കു മേല്‍ ചുമത്താന്‍ പോകുന്ന കുറ്റങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും നല്‍കണമെന്നും ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്.
നാവികരുടെ വിചാരണ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും കേസ് കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യയുടെ കഴിവില്ലായ്മയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും ഇറ്റലി വിദേശകാര്യമന്ത്രി എമ്മ ബോണിനോ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ എത്ര കാലത്തേക്കാണ് അംബാസഡറെ തിരിച്ചു വിളിച്ചതെന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായില്ല. അതേസമയം നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തണമോ എന്നതിനെ കുറിച്ച് തീരുമാനം വൈകരുതെന്നു സുപ്രീം കോടതി . ഇതു സംബന്ധിച്ച സത്യവാങ്മൂലം വെള്ളിയാഴ്ച സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സുവ നിയമം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യം നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് വെള്ളിയാഴ്ചയ്ക്കകം നിലപാട് രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഇറ്റലി നല്കിയ ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെയാണു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
നാവികര്‍ക്കെതിരെ എന്‍.ഐ.എ സുവ നിയമം ചുമത്തിയിരുന്നു. എന്നാല്‍ ഇറ്റലി സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറലാണ് സുപ്രീം കോടതിയില്‍ ഹാജരായത്. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ ഇറ്റലിക്കു നിരാശ .
കടല്‍ക്കൊല കേസ് അനന്തമായി നീണ്ടു പോകുന്നത് നിരാശാജനകമാണെന്നും സ്വന്തം സൈനികര്‍ അന്യനാട്ടില്‍ തടവില്‍ കഴിയുന്നത് സഹിക്കാവുന്നതല്ലെന്നും സ്റ്റീഫന്‍ ഡി മിസ്തുര പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: