കോട്ടയം: ഇടുക്കി ലോക്സഭാ സീറ്റിനായുള്ള വടംവലി രൂക്ഷമായി. സിറ്റിംഗ് സീറ്റ് വിട്ടു നല്‍കില്ലെന്ന് കോണ്‍ഗ്രസ്സും കോട്ടയത്തിനു പുറമേ തങ്ങള്‍ക്കു സ്വാധീനമുള്ള ഇടുക്കി കൂടി വേണമെന്ന് കേരളാകോണ്‍ഗ്രസും പറയുന്നു. പ്രശ്നപരിഹാരം യുഡിഎഫിനു കീറാമുട്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ കോണ്‍ഗ്രസ് നേതൃത്വം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ചനടത്തിയെങ്കിലും വിജയിച്ചില്ല. കത്തോലിക്കാ സഭയുടെ പിന്‍ബലത്തിലാണ് ഇടുക്കിയ്ക്കുമേല് കേരളാകോണ്‍ഗ്രസ് പിടിമുറുക്കുന്നത്. വിട്ടുവീഴ്ചക്കുള്ള സാഹചര്യങ്ങളും വളരെ കുറവാണെന്നാണ് സൂചന.
കോണ്‍ഗ്രസ് ജില്ലാകമ്മറ്റി സീറ്റ് വിട്ടുകൊടുക്കില്ലെന്നും, സിറ്റിംഗ് സീറ്റില്‍ താന്‍തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നും പി.ടി. തോമസും ആവര്‍ത്തിച്ചതോടെ ഇടുക്കിയിലെ യുഡിഎഫും തകര്‍ച്ചയുടെ വക്കിലാണ്. തോമസിനോട് ഇടുക്കിയിലെ കത്തോലിക്കാ സഭാനേതൃത്വത്തിനുള്ള എതിര്‍പ്പ് മുന്‍നിര്‍ത്തി സീറ്റ് നേടുകയെന്ന ലക്ഷ്യത്തിലാണ് കേരളാ കോണ്‍ഗ്രസിലെ പഴയ പി.ജെ. ജോസഫ് വിഭാഗം. ഇതിനായി സമ്മര്‍ദ്ദം ശക്തമാക്കുന്നതിന് ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രാദേശികതല യോഗങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഇടുക്കിസീറ്റ് ലഭിച്ചാല്‍ കേരളാ കോണ്‍ഗ്രസ്.
സ്ഥാപകനേതാക്കളിലൊരാളായ കെ. എം. ജോര്‍ജ്ജിന്റെ മകനും മുന്‍ എം.പി യുമായ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിനുള്ളില്‍ ഏകാഭിപ്രായം ഉണ്ടാകാത്തതാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നത്. പി.സി. ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന നേതാക്കള്‍ ജോസഫിെന്റ നിലപാടുകളോട് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. നിലവിലുള്ള കോട്ടയം ലോക്സഭാമണ്ഡലം മാത്രം മതിയെന്ന നിലപാടാണ് അവര്‍ക്കിടയിലുള്ളത്. പാര്‍ട്ടി ചെയര്‍മാനായ കെ.എം. മാണിയും ജോസഫിന്റെ സമ്മര്‍ദ്ദത്തില്‍ രണ്ട് സീറ്റ് കേരളാ കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണെന്ന് പറയുന്നതല്ലാതെ യുഡിഎഫ് യോഗത്തില്‍പ്പോലും നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കുന്നുമില്ല.
എന്നാല്‍ ഇതിനിടെ കേരളാകോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായ മന്ത്രി പി.ജെ. ജോസഫ് ഇടുക്കിയില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെന്നും, കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ്ജിന് സീറ്റ് നിഷേധിച്ചാല്‍ അത് യുഡിഎഫിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നും പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചത് ഇരുവിഭാഗം നേതാക്കളെയും ഒരുപോലെ വെട്ടിലാക്കി. ഇതോടെയാണ് കടുംപിടുത്തവുമായി കോണ്‍ഗ്രസും രംഗത്തിറങ്ങിയത്.ഇടുക്കിയ്ക്കുവേണ്ടി കേരളാ കോണ്‍ഗ്രസ് കടുംപിടുത്തം നടത്തിയാല്‍ കോട്ടയം ലോക്സഭാ മണ്ഡലത്തിനുമേല്‍ തങ്ങളും പിടിമുറുക്കുമെന്ന് കോട്ടയം ഡിസിസിയും പ്രസ്താവിച്ചു കഴിഞ്ഞു. ഇതോടെ കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി ത്രിശങ്കുവിലായി.
കോട്ടയത്തെ പ്രതിനിധീകരിക്കുന്നത് കെ.എം. മാണിയുടെ മകന് ജോസ് കെ. മാണിയാണ്. മകന്റെ വിജയം ഉറപ്പിക്കുകയെന്നത് ഒഴിച്ച് ദേശീയ തെരഞ്ഞെടുപ്പ് രംഗത്ത് മാണിക്ക് മറ്റൊന്നിലും നിര്ബന്ധബുദ്ധിയില്ലാത്തത് ജോസഫിനെയും, ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും ഒരുപോലെ കുഴപ്പിക്കുന്നുണ്ട്. ഇങ്ങനെ വന്നാല്‍ ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്ന അഭിപ്രായവും ഇവര്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്. എന്നിരുന്നാലും കത്തോലിക്കാ സഭാനേതൃത്വത്തിന്റെ പിന്തുണയില്‍ അവസാനവട്ടംവരെ പൊരുതാനുള്ള പുറപ്പാടിലാണ് കേരളാകോണ്‍ഗ്രസിലെ ജോസഫ് വിഭാഗം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സഭാനേതൃത്വത്തിന്റെ പിന്‍ബലത്തില്‍ ഹൈറേഞ്ച് സംരക്ഷണസമിതി നടത്തിയ അക്രമസമരങ്ങളോട് സിറ്റിംഗ് എം.പി പി.ടി. തോമസ് എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് ഇദ്ദേഹം സഭയ്ക്ക് അനഭിമതനായത്. ഇടുക്കി ബിഷപ്പ് മാത്യൂ ആനിക്കുഴിക്കാട്ടില്‍ തന്നെ തോമസിനെതിരെ പരസ്യമായി പലയിടങ്ങളിലും അഭിപ്രായപ്രകടനം നടത്തി. ഇതിന്റെ ചുവടുപിടിച്ച് പള്ളികളില്‍ വികാരിമാരും പ്രതികരിച്ചു. സഭാ നേതൃ്വത്തിന്റെ ഈ വിരോധം തങ്ങള്‍ക്കു തുണയാകുമെന്ന പ്രതീക്ഷയാണ് ജോസഫും കൂട്ടരും വെച്ചുപുലര്‍ത്തുന്നത്. ഇതിനിടെ തോമസിനെ ഒഴിവാക്കി ഏതുവിധേനയും കേരളാകോണ്‍ഗ്രസിന് സീറ്റ് തരപ്പെടുത്തിക്കൊടുക്കാനുള്ള ചരടുവലികള്‍ ഇടുക്കി ബിഷപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതായും സൂചനകളുണ്ട്. സീറ്റ് ലഭിക്കാതെ പോയാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ സ്വതന്ത്രനാക്കാനുള്ള സാധ്യതകളും ജോസഫ് വിഭാഗം ആരായുന്നുണ്ട്. ഇതിന് വേണ്ടിവന്നാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണപോലും നേടിയെടുക്കാനുള്ള നീക്കവും ശക്തമാണ്. സഭയുടെ നിശബ്ദപിന്തുണയും ഇക്കാര്യത്തിലുണ്ട്.
അവസാനവട്ട ചര്ച്ചകളാകുമ്പോഴേയ്ക്കും കെ.എം. മാണിയെ അനുനയിപ്പിച്ചെടുക്കാമെന്നുള്ള ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഇതിനിടെ കോട്ടയത്ത് സിറ്റിംഗ് എം.പിയാണ് മത്സരിക്കുന്നതെങ്കില്‍ അത് ഇടുക്കിയ്ക്കും ബാധകമാണെന്ന അഭിപ്രായം കോട്ടയം ഡിസിസിയും പ്രകടിപ്പിച്ചു കഴിഞ്ഞു.
ഇടുക്കി സീറ്റ് സംബന്ധിച്ചുള്ള അന്തിമതീരുമാനം കേരളാ കോണ്‍ഗ്രസിന് എതിരായാല്‍ പ്രതിഫലനം കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ പത്തനംതിട്ടയിലും അലയടിക്കും. മറിച്ചായാല്‍ അത് കോട്ടയത്തെ കേരളാ കോണ്‍ഗ്രസിന്റെ സീറ്റിനെയും ബാധിക്കും.
കെ.ഡി.ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: