പത്തനംതിട്ട: നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് മൂന്ന് ഇനം പുതിയ ചിലന്തികളേയും എട്ട് അപൂര്‍വ്വ ചിലന്തികളേയും കണ്ടെത്തി.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവ വൈവിദ്ധ്യ ഗവേഷണ കേന്ദ്രം ഒരുമാസമായി നടത്തിവരുന്ന പഠനത്തില്‍ ഇതുവരെയായി 45 ഇനം ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്.
സൈബിഡേ എന്ന ചിലന്തി കുടുംബത്തിലുള്ള സൈബിയസ് എന്ന ചിലന്തി ചെടികള്‍ക്കിടയില്‍ ഉണക്ക ഇലകള്‍ക്കിടയിലാണ് കൂടുണ്ടാക്കുന്നത്. രാത്രി മാത്രം പുറത്തിറങ്ങുന്ന ഇവയുടെ കുടുംബത്തെ ഇതാദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. സ്പരാസ് സിഡേ കുടുംബത്തിലുളള മൈക്രോമേറ്റ എന്ന ഇനം ചിലന്തി പച്ച ഇലകള്‍ക്കിടയില്‍ പതുങ്ങിയിരുന്നാണ് ഇര പിടിക്കുന്നത്. പച്ചനിറമുള്ള ഇവയെ പച്ച ഇലകള്‍ക്കിടയില്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ലോകത്താകമാനം ഇതുവരെ ഏഴ് ഇനം ചിലന്തികളെ ഈ ജാനസ്സില്‍ കണ്ടെത്തിയിട്ടുണ്ട്. അതെല്ലാം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇതാദ്യമായാണ് ഈ ജാനസില്‍ വരുന്ന ഒരു ചിലന്തിയെ ഇന്ത്യയില്‍ കണ്ടെത്തുന്നത്. കോറിനിഡേ കുടുംബത്തില്‍ വരുന്ന ഓര്ത്തോബുല എന്ന ജാനസില്‍പെട്ട ചിലന്തിയാണ് മൂന്നാമത്തെ ഇനം.
നിലത്തു വീണുകിടക്കുന്ന ചപ്പു ചവറുകള്‍ക്കിടയില്‍ കാണുന്ന ഇവ രാത്രിയിലാണ് ഇരപിടിക്കാനിറങ്ങുന്നത്. കേരളത്തില്‍ നിന്നും മറ്റ് എട്ട് ഇനം അപൂര്‍വ്വ ചിലന്തികളേയും കണ്ടെത്തി. ഗവേഷണ വിഭാഗം മേധാവി ഡോ.സുധികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളായ സുധിന്‍, നഫിന് എന്നിവര്‍ പങ്കെടുത്തു. ഈ കണ്ടുപിടിത്തം ജുലൈമാസത്തില്‍ ഇറ്റലിയിലെ ടൂറിനില്‍ നടക്കുന്ന അന്താരാഷ്ട്ര ചിലന്തി ഗവേഷണ സെമിനാറില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഗവേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: