പാലക്കാട്: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടും സിപിഎം ശ്രമം. ചന്ദ്രശേഖരന് മരിക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് എവിടെയായിരുന്നുവെന്ന് കണ്ടെത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ചന്ദ്രശേഖരനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളരക്ഷാമാര്‍ച്ചിന്റെ ഭാഗമായി പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരനെപ്പറ്റി അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്കല്ലേ കൂടുതല്‍ അറിയുകയെന്ന് പിണറായി ചോദിച്ചു.
ചന്ദ്രശേഖരന് അവസാനം പങ്കെടുത്ത വടകരയിലെ ചടങ്ങില്‍നിന്നും കൊല്ലപ്പെട്ട സ്ഥലത്തെത്താന്‍ 10 മിനിറ്റ് മതി. എന്നാല്‍ ഒരു മണിക്കൂറിനുശേഷമാണ് എത്തിയത്. അതിനിടയില്‍ ചന്ദ്രശേഖരന് എവിടെയാണെന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പിണറായി ആരോപിച്ചു. അത് വ്യക്തമാക്കേണ്ടത് പ്രോസിക്യൂഷനല്ലേയെന്നും പിണറായി ചോദിച്ചു.
പ്രസംഗത്തിന്റെ പേരില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ഭാസ്കരനെതിരെ കേസ്സെടുത്തത് ശുദ്ധഅസംബന്ധമാണ് അദ്ദേഹം പറഞ്ഞു,
കേസ്സന്വേഷിച്ച കാലഘട്ടത്തില്‍ പുറത്തുവരാത്ത പല വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. അത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. സിപിഎം പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കാന്‍ യുഡിഎഫ് നടത്തുന്ന വഴിവിട്ട പക്ഷപാതപരമായ നീക്കങ്ങളാണിത്.
ആര്‍എംപിക്കാര്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചാല്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ബാധിക്കില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി വധിക്കപ്പെട്ട സംഭവം അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ തലവന്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന ക്രിമിനല്‍ അഭിഭാഷകനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: