തിരുവനന്തപുരം: പേട്ട പരുത്തിക്കുഴിയിലെ സ്വകാര്യ പുരയിടത്തില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍. പരുത്തിക്കുഴി സിഎസ്ഐ പള്ളിക്കു സമീപം ടി.സി. 44/1029 പുതുവല്‍ പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രന്-ശോഭന ദമ്പതികളുടെ മകള്‍ മനു (28) ആണ് കൊല്ലപ്പെട്ടത്. ഈഞ്ചയ്ക്കല്‍-തിരുവല്ലം നാഷണല്‍ ഹൈവേയില്‍ മുട്ടത്തറ ശ്മശാനത്തിന് സമീപമുള്ള വിജനമായ ചുറ്റുമതിലുള്ള സ്വകാര്യപുരയിടത്തിനുള്ളില് ഗേറ്റിനോട് ചേര്‍ന്നാണ് മൃതശരീരം കിടന്നിരുന്നത്.
ഗേറ്റ് തുറന്നു കിടന്നത് മൂലം രാവിലെ ഇതുവഴി പോയ കാല്‍നട യാത്രക്കാരാണ് ആദ്യം കണ്ടത്. മേല്‍വസ്ത്രവും അടിവസ്ത്രവും അഴിഞ്ഞ നിലയിലായിരുന്നു. ചുരിദാര്‍ ബോട്ടം അല്പം ദൂരെ മാറി കിടക്കുന്നുണ്ടായിരുന്നു. മുഖത്ത് രക്തം ചിന്തിയ മുറിപ്പാടുകള്‍ ഉണ്ട്. സമീപത്തു തന്നെ തലയോട് ചേര്‍ന്ന് രക്തം പുരണ്ട സിമന്റ് കട്ടിയും കിടപ്പുണ്ട്. കൊല്ലപ്പെട്ട സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം കൊലപ്പെടുത്തിയതാകാമെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
കൊല്ലപ്പെട്ട മനു ഭര്‍ത്താവുമായി പിണങ്ങി രതീഷ് എന്നൊരു യുവാവുമായാണ് താമസിച്ചിരുന്നത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലാണ്. രതീഷിന്റെ സുഹൃത്തുക്കളായ ശങ്കര്‍ , വിനോദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ആറ്റുകാല്‍ പൊങ്കാലദിവസം മനു മക്കളുമായി രാത്രി 9ന് കുത്തിയോട്ടം കാണാന്‍ പോയിരുന്നു. 12 മണി കഴിഞ്ഞ് മടങ്ങിയ മനു കുട്ടികളെ തിരികെ വീട്ടില്‍ ആക്കി പുറത്ത് പോവുകയായിരുന്നെന്ന് സഹോദരിമാര്‍ പറഞ്ഞു. മറ്റൊന്നും തന്നെ അറിയില്ല. പുലര്‍ച്ചെ ചേച്ചിയുടെ മരണവാര്‍ത്തയാണ് അറിഞ്ഞതെന്നാണ് സഹോദരിമാര്‍ പറയുന്നത്. കീര്‍ത്തന (11), ലാവണ്യ (7), അനന്തു (4) എന്നിവര്‍ മക്കളാണ്.
ഡിസിപി ബാലചന്ദ്രന്, ശംഖുംമുഖം എസി ജവഹര്‍ ജനാര്‍ദ്, ക്രൈം ഡിറ്റാച്ച്മെന്റ് എസി ബൈജു, പൂന്തുറ സിഐ അജിത് ചന്ദ്രന്, മെഡിക്കല്‍കോളേജ് സിഐ സുരേഷ് ബാബു, പൂന്തുറ എസ്ഐ അശോക് കുമാര്‍, എസ്ഐ ബി. രാജേന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സലീം, എ. മുജീബ് റഹ്മാന്, എം.ബി. രശ്മി, തഹസീല്‍ദാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആര്‍ഡിഒ യും സംഘവും മൃതശരീരത്തില്‍ പൂര്‍ണ പരിശോധന നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്നലെ 11 മണിയോടെ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: