ചങ്ങനാശേരി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും കാറ്റില്‍പ്പറത്തി പുതിയ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം ചങ്ങനാശേരി നഗരസഭയില്‍ ഇന്ന് നടക്കും. കഴിഞ്ഞവര്‍ഷം ജനോപകാരപ്രദമായ പലപദ്ധതികളും പൂര്‍ത്തിയാക്കാനും തുടങ്ങാനും കഴിയാതെയാണ് 2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം.
ഇക്കുറി ഫെബ്രുവരിയില്‍ തന്നെയാണ് ബജറ്റ് അവതരണം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുകൂടി അടുത്തുവന്നതിനാല്‍ കൂടുതല്‍ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. നാല്പത് മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിയമം മൂലം നിരോധിച്ചുകൊണ്ട് പ്ലാസ്റ്റിക് വിമുക്തമായ ഒരുനഗരം സൃഷ്ടിക്കുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്ജ് പ്രഖ്യാപിച്ചത്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളിലടക്കം വന്‍ തോതില്‍ കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ വിറ്റഴിയുന്നുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങളും സജീവമായി രംഗത്തുണ്ട്.
സമ്പൂര്‍ണ സാനിട്ടറി ടോയ്ലറ്റ് സൗകര്യമുള്ള ഒരു നഗരമാക്കുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു. അതും പ്രാരംഭനടപടികളാരംഭിച്ചിട്ടില്ല. പോത്തോട് ഹൗസിംഗ് സ്കീം എല്ലാവര്‍ഷവും ബജറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷവും നടപ്പില്‍ വന്നില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള ധനസഹായവും നല്കാന് കഴിഞ്ഞിട്ടില്ല. ഗാര്‍ഹിക കുടിവെള്ളം കണക്ഷനുകള്‍, ചിത്രകുളം നവീകരണം, ബസ് സ്റ്റാന്‍ഡുകളുടെ വികസനം, ഓടകലുടെ ശുചീകരണം, തോടുകളുടെ സംരക്ഷണം, നഗരത്തിലെ പ്രധാനറോഡുകളിലെ അലങ്കാരദീപങ്ങള്‍ എന്നിവയും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വാഴപ്പള്ളി, മാര്‍ക്കറ്റ് ഭാഗങ്ങളിലെ കുടിവെള്ള പദ്ധതികളും ഈ വര്‍ഷം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല.
വേഴയ്ക്കാട്ടു ചിറയില്‍ വനിതാ ഉത്പന്ന വിപണനകേന്ദ്രത്തിന്റെ പ്രാരംഭ നടപടികളും കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് പോലീസ് സേനയുടെ സഹായത്തോട ഏര്‍പ്പെടുത്തുന്ന നിരീക്ഷണ ക്യാമറാ സംവിധാനവും നഗരത്തില്‍ സ്ഥാപിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. കൂടാതെ നഗരത്തിലെ ദുരിതപൂര്‍ണമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും നഗരസഭ യാതൊരു നിര്‍ദ്ദേശവും വയ്ക്കുന്നില്ലെന്നുള്ളതും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: