ആറന്മുള : ആറന്മുളയുടെ സംസ്കാരവും ഭൂമിയും വെള്ളവും വള്ളപ്പാട്ടിന്റെ വിശുദ്ധിയും സംരക്ഷിക്കപ്പെടണമെന്നും വികസനമെന്ന പേരില്‍ വില്‍പ്പനയ്ക്കു വെയ്ക്കുവാനുള്ളതല്ല ഇവയെന്നും അയിഷാ പോറ്റി എംഎല്‍എ അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഏഴാം ദിവസം ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അയിഷാ പോറ്റി.
ആറന്മുളയിലെ ജനങ്ങള്‍ക്കു വേണ്ടാത്ത വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നും ഏതറ്റം വരെയും പോയി പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പിടിവാശി ജനവിരുദ്ധനയമെന്നും അയിഷാ പോറ്റി ചൂണ്ടിക്കാട്ടി.
എവിടെ നിന്നോ വരുന്നവര്‍ തീരുമാനിക്കുന്ന വികസനനയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് സത്യാഹഗ്രഹത്തില് അദ്ധ്യക്ഷത വഹിച്ച മുന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ റ്റി.റ്റി. ആന്റണി പറഞ്ഞു. പ്രകൃതിയെ നശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ആറന്മുള വിമാനത്താവള പദ്ധതി ഗുരുതരമായ പാരിസ്ഥിതിക പ്രശനങ്ങള്‍ സ്യഷ്ടിക്കുമെന്ന് താന്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് റ്റി.റ്റി.ആന്റണി വ്യക്തമാക്കി. കേരളം ഭൂമാഫിയായുടെ കൈകളിലാണ്. കുടിവെള്ളവും വയലുകളുമില്ലാതാക്കുന്ന മാഫിയകള്‍ക്ക് പിന്തുണ നല്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയകളെ തുറന്ന് എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല വഴി, നല്ല ജീവിതാന്തരീക്ഷം എന്നിവ സൃഷ്ടിക്കുകയെന്നതാണ് വികസനത്തിന്റെ ആദ്യ പാഠമെന്ന് ചടങ്ങില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തക പാര്‍വ്വതി ദേവീ അഭിപ്രായപ്പെട്ടു. ആറന്മുള സമരത്തിന്റെ തീയും ചൂടും വെളിച്ചവും കേരളം മുഴുവന്‍ എത്തിക്കുവാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി.സോമന് സ്വാഗതം പറഞ്ഞു. എഐവൈഎഫ് ജില്ല വൈസ്പ്രസിഡന്റ് പ്രകാശ്കുമാര്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ട്രഷറാര്‍ കെ.പി.നാരായണന്, ആര്‍എസ്എസ് ജില്ലാ സംഘ ചാലക് അഡ്വ. പി.കെ.രാമചന്ദ്രന്, ചലച്ചിത്ര ബാലതാരം മിനോണ്‍, സദീര, മേഴ്സി അലക്സാണ്ടര്‍, എ.വിജയമ്മ, കെ.കെ.ശിവാനന്ദന്, സുനിത ബാലകൃഷ്ണന്, ഭാര്ഗവന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഓമല്ലൂര്‍ പഞ്ചായത്തിലെ സമരസമിതി പ്രവര്‍ത്തകരും തിരുവനന്തപുരം സ്ത്രീശക്തി സംഘടനയും സ്ത്യാഗ്രഹത്തില് പങ്കെടുത്തു.
എട്ടാം ദിനസത്യാഗ്രഹ പരിപാടികള്‍ പരിസ്ഥിതി ശാസ്ത്രജ്ഞന് സീതാ രാമന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു 3 മണിക്ക് സത്യാഗ്രഹപന്തലില്‍ നടക്കുന്ന കാവ്യാര്‍ച്ചന കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: