തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല കടയപ്പു സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കമ്മിഷന് വര്‍ധിപ്പിക്കണമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായും ഇതു സംബന്ധിച്ച നിര്‍ദേശം ധനവകുപ്പിനു കൈമാറുമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. കമ്മിഷന് പകരം വേതന വ്യവസ്ഥ നടപ്പാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. പഞ്ചസാരയും ആട്ടയും റേഷന്‍കടകളില്‍ നേരിട്ടെത്തിക്കാന്‍ നടപടിയെടുക്കാമെന്നും സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ സ്റ്റോക്കെടുത്തു റേഷന്‍ വിതരണം പുനഃസ്ഥാപിക്കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.
ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യത്തിനുള്ള കമ്മിഷന് തുക 58 രൂപയില്‍ നിന്നു 200 രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി റേഷന്‍ ഡീലേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ജോണി നെല്ലൂര്‍ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന 4200 ടണ്‍ പഞ്ചസാരയും നാലുക്വിന്റല് ആട്ടയും ഇനി മുതല്‍ കടകളില്‍ നേരിട്ടെത്തിക്കും. തീരുമാനം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന അധിക ചെലവു സംബന്ധിച്ചു റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം നല്കാന് സിവില്‍ സപ്ലൈസ് എംഡിയെ ചുമതലപ്പെടുത്തിയതയും മന്ത്രി അറിയിച്ചു. വേതനവ്യവസ്ഥ നടപ്പാക്കാന്‍ സര്‍ക്കാരിനുള്ള പ്രായോഗിക ബുദ്ധിമുട്ട് സമരക്കാരെ അറിയിച്ചിട്ടുണ്ട്. കമ്മിഷന് ക്വിന്റലിന് 58 രൂപയില്‍ നിന്നു 200 രൂപയായി വര്‍ധിപ്പിക്കണമെന്ന വ്യാപാരികളുടെ ആവശ്യം അതേപടി അംഗീകരിക്കാന്‍ ധനവകുപ്പ് തയാറാകില്ലെന്നാണ് അറിയുന്നത്.
എപിഎല്കാര്ക്കുള്ള ഗോതമ്പുവിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അടുത്ത രണ്ടുമാസത്തേക്ക് 6.70 രൂപാ നിരക്കില്‍ മൂന്നു കിലോ ഗോതമ്പുവീതം നല്‍കും. മണ്ണെണ്ണയുടെ കമ്മിഷന് ലിറ്ററിന് 18 പൈസയില്‍ നിന്നു 36 പൈസയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, പഞ്ചസാരയ്ക്കുള്ള കമ്മിഷന് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സമരത്തിന്റെ പേരില്‍ വ്യാപാരികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുതെന്ന വ്യാപാരികളുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. സോള്‍വന്‍സി രജിസ്ട്രേഷനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. സോള്‍വന്‍സി ഫീസ് 30,000 രൂപയായാണ് വകുപ്പു നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, ഇതു 10,000 രൂപയാക്കണമെന്ന ആവശ്യമാണു വ്യാപാരികള്‍ മുന്നോട്ടുവച്ചത്. പുതിയ സാഹചര്യത്തില്‍ ഇതിന് രണ്ടിനുമിടയ്ക്കുള്ള തുക ഫീസായി നിശ്ചയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 14,248 റേഷന്‍കട ഉടമകള്‍ ഫെബ്രുവരി ഒന്ന് മുതലാണ് സമരം തുടങ്ങിയത്. 15 ദിവസം മുന്‍പ് നോട്ടീസ് നല്‍കിയെങ്കിലും യാതൊരു ഒത്തുതീര്‍പ്പു ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായിനടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലും തീരുമാനമുണ്ടായിരുന്നില്ല. അതേസമയം, സമരത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നതാണെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ചര്‍ച്ചയില്‍ നേതാക്കളായ ജോണി നെല്ലുര്‍, കുറ്റിയില്‍ ശ്യാം, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, അഡ്വ. സുരേന്ദ്രന്, സി. മോഹനന് പിള്ള, സി.സുരേന്ദ്രന്, കെ.എം മീരാന്‍, തൈക്കല്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: