ചങ്ങനാശ്ശേരി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ജനകീയാവകാശങ്ങള്ക്കായ് ഒരുമയോടെ’ എന്ന സന്ദേശമുയര്‍ത്തി ചങ്ങനാശ്ശേരിയില്‍ നടത്തി മാര്‍ച്ചും പൊതുസമ്മേളനവും നിയമം ലംഘിച്ചെന്ന് ആക്ഷേപം. നിയമലംഘനത്തിനു ചങ്ങനാശ്ശേരി പോലീസും ഒത്താശ നല്കി. പൊതു സമ്മേളനത്തിനു രണ്ട് ദിവസം മുമ്പേ തന്നെ പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പോപ്പുലര്‍ പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. മാത്രമല്ല മറ്റു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു വിലക്കുമേര്‍പ്പെടുത്തി. ഗ്രൗണ്ട് കയറുകൊണ്ട് വളച്ചു കെട്ടുകയും ചെയ്തു. ഇന്നലെ വൈകുന്നേരം റെയില്‍വേ ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് റോഡ് ഗതാഗതവും കാല്‍നടയാത്രയും തടസ്സപ്പെടുത്തിയായിരുന്നു. വാഹനങ്ങള്‍ ബൈപ്പാസ് റോഡിലൂടെ കടത്തിവിട്ടപ്പോള്‍ താറുമാറായികിടന്ന റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതുമൂലം സമീപവാസികള്‍ പൊടിശല്യം സഹിക്കവയ്യാതായി. ഇതിനെ തുടര്‍ന്ന നാട്ടുകാര്‍ ഇറങ്ങി ബൈപ്പാസ് ഉപരോധിച്ചു. എം.സി റോഡിലൂടെ നിയമംലംഘിച്ച് പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചും വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗും ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മറ്റു സാമുദായിക സംഘടനകള്‍ക്കും കോളാമ്പി ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നിരിക്കെ പോപ്പുലര്‍ ഫ്രണ്ട് ഇത് ഉപയോഗിച്ചത് പോലീസ് കണ്ടില്ലെന്ന് നടിച്ചു.ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡില്‍ പൊതുസമ്മേളനം നടത്തിയത് വ്യാപാരികള്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന തരത്തിലായിരുന്നു. മാര്‍ച്ചിലും പ്രസംഗത്തിലുടനീളവും നരേന്ദ്രമോദിക്കെതിരെയും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കെതിരെയുമുള്ള പരാമര്‍ശങ്ങളായിരുന്നു ഏറേയും. വര്‍ഗ്ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളും പരാമര്‍ശങ്ങളും നിറഞ്ഞ സമ്മേളനമാണ് ചങ്ങനാശ്ശേരിയില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: