ദുബായ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കഷ്ടിച്ച് വിജയിച്ചു. വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയില്‍ ദുര്‍ബലരായ സ്കോട്ട്ലാന്റിനെതിരായ മത്സരത്തിലാണ് ഇന്ത്യന്‍ യുവനിര വിറച്ച് വിജയിച്ചത്. സ്കോട്ട്ലാന്റ് ഇന്നിംഗ്സ് വെറും 88 റണ്‍സിന് അവസാനിച്ചെങ്കിലും ഇന്ത്യക്ക് ലക്ഷ്യം മറികടക്കുന്നതിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തേണ്ടിവന്നു. ഒരു ഘട്ടത്തില്‍ 22 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ സര്‍ഫറാസ് ഖാനും (45 നോട്ടൗട്ട്) ദീപക് ഹൂഡയും (24 നോട്ടൗട്ട്) ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. ഹാട്രിക്കടക്കം നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും കുല്‍ദീപ് യാദവിന് സ്വന്തമായി.
നേരത്തെ ടോസ് നേടിയ സ്കോട്ട്ലാന്റ് 29.4 ഓവറില്‍ വെറു 88 റണ്‍സിന് ഓള് ഔട്ടായി. അവരുടെ ഇന്നിംഗ്സില്‍ രണ്ടുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 44 റണ്‍സെടുത്ത ആന്‍ഡ്രൂ ഉമീദും 16 റണ്‍സെടുത്ത ഗാവിന് മെയിനും. ഒരു ഘട്ടത്തില്‍ മൂന്നിന് 54 എന്ന നിലയില്‍ നിന്നാണ് 34 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സ്കോട്ട്ലാന്റ് ഓള്‍ഔട്ടായത്. 28 റണ്‍സ് വഴങ്ങി ഹാട്രിക്കടക്കം കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ആമിര്‍ ഗാനിയും നാല് വിക്കറ്റ് സ്വന്തമാക്കി.
അനായാസ വിജയം പ്രതീക്ഷിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ യുവനിര ചയംഗ് ഗൊസായിന്റെയും ഗാവിന് മെയിന്റെയും തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുന്നതാണ് കണ്ടത്. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാതെ ഹെര്വാഡ്കറെയും സ്കോര്‍ 7 റണ്‍സിലെത്തിയപ്പോള്‍ നാല് റണസെടുത്ത ക്യാപ്റ്റന്‍ വിജയ് സോളിനെയും സ്കോര്‍ 19-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത അങ്കുഷ് ബെയ്ന്‍സിനെയും ഗൊസായിന്റെ പന്തില്‍ പുറത്തായി. അടുത്ത ഊഴം ഗാവിന്മെയിന്റെതായിരുന്നു. സ്കോര്‍ 19-ല്‍ നില്ക്കെതന്നെ 7 റണ്‍സെടുത്ത വൈസ് ക്യാപ്റ്റനും മലയാളിതാരവുമായ സഞ്ജു വി. സാംസണെയും സ്കോര്‍ 22-ല്‍ നില്‍ക്കേ റണ്ണൊന്നുമെടുക്കാതിരുന്ന റിക്കി ബുയിയെയും ഗാവിന് മടക്കിയതോടെ ഇന്ത്യ 22ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ആറാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനും ദീപക് ഹൂഡയും ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യ വിജയത്തിലേക്ക് നീങ്ങിയത്. 70 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാനും വിജയം കരസ്ഥമാക്കി. പാപുവ ന്യൂ ഗ്വിനിയയെ 145 റണ്‍സിന് തകര്‍ത്താണ് പാക്കിസ്ഥാന് ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് അടിച്ചുകൂട്ടി. 88 റണ്‍സ് നേടിയ ഇമാം ഉള് ഹഖും 62 റണ്‍സ് നേടിയ സമി അസ്ലമും 44 റണ്‍സ് നേടിയ ഹസന് റാസയും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗ്വിനിയ 30.5 ഓവറില്‍ 138 റണ്‍സിന് ഓള് ഔട്ടായി.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ അഫ്ഗാനിസ്ഥാന് യുവ അട്ടിമറിച്ചു. അബുദാബിയില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിനാണ് അഫ്ഗാനിസ്ഥാന് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്75 റണ്‍സെടുത്ത മുഹമ്മദ് മുജ്തബയുടെയും 63 റണ്‍സെടുത്ത ഇഷമുള്ളയുടെയും 57 റണ്‍സെടുത്ത ഹഷ്മത്തുള്ളയുടെയും കരുത്തില്‍ 49.2 ഓവറില്‍ 253 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയന്‍ യുവനിര 48 ഓവറില്‍ 217ന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ അബ്ദുള്ള അദിലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീന് അഷറഫുമാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശ് 52 റണ്‍സിന് നമീബിയയെ കീഴടക്കി. ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: