ശ്ലോകം : 53.
ലീലാ നിര്‍മിത സേതുശ്ച
വിഭീഷണനമസ്കൃതഃ
ദശാസ്യജീവസംഹര്ത്താ ഭൂമിദാരവിനാശകഃ
213. ലീലാനിര്മിതസേതുഃ – കളിയായിട്ടെന്നപോലെ അനായാസമായി ലങ്കയിലേക്ക് പോകാനുള്ള സേതു നിര്മിച്ചവന്. ബാലിവധം കഴിഞ്ഞ് സുഗ്രീവന് വാനരരാജാവായി. സുഗ്രീവന് സീതാന്വേഷണത്തിനായി വാനരന്മാരെ നാനാദിക്കുകളിലേക്കും അയച്ചു. ദക്ഷിണദിക്കിലേക്ക് പോയ സംഘത്തിലെ അംഗമായ ഹനുമാന് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തി സീതാദേവിയെ കണ്ടു. ഈ വിവരം അറിഞ്ഞയുടന്‍ തന്നെ സുഗ്രീവന്റെ നേതൃത്വത്തിലുള്ള വാനരപ്പടയോടുകൂടെ രാമലക്ഷ്മണന്മാര് ലങ്കയിലേക്ക് തിരിച്ചു. സമുദ്രം കടക്കാന്‍ വേണ്ടി വാനരന്മാര് ലങ്കയിലേക്ക് സേതു നിര്‍മിച്ചു. വളരെ പെട്ടെന്ന് കടലിന് കുറുകെ പാലം ഉണ്ടായി. കളിക്കുന്നത്ര അനായാസമായി സേതു നിര്‍മിക്കാന്‍ ഭഗവാന് കഴിഞ്ഞു. ഭൂലതാചലനം കൊണ്ട് ബ്രഹ്മാണ്ഡകോടികളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ഭഗവാന് ഒരു ചെറിയ പാലം ഉണ്ടാക്കിയതില്‍ അദ്ഭുതപ്പെടേണ്ടതില്ല.
214. വിഭീഷണനമസ്കൃതഃ – വിഭീഷണനാല്‍ നമസ്കരിക്കപ്പെട്ടവന്. സീതയെ ശ്രീമന്‍ തിരിച്ചുകൊടുത്ത് വംശനാശകരമായ യുദ്ധം ഒഴിവാക്കണമെന്ന് വിഭീഷണന് രാവണനെ ഉപദേശിച്ചു. കുപിതനായ രാവണന് വിഭീഷണനെ ലങ്കയില്‍ നിന്ന് നിഷ്കാസനം ചെയ്തു. വിഭീഷണന് രാമനെ അഭയം പ്രാപിച്ചു. രാമന് വിഭീഷണനെ സഹോദരനിര്‍വിശേഷമായ സ്നേഹത്തോടെ സ്വീകരിച്ചു. രാമനെ നമസ്കരിച്ച വിഭീഷണന് രാവണവധം കഴിഞ്ഞപ്പോള്‍ ലങ്കാധിപതിയായി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: