ന്യൂദല്‍ഹി: ദല്‍ഹിയില്‍ അധികാരമൊഴിഞ്ഞ ആം ആദ്മിയിലേക്ക് വന്‍തോതില്‍ വിദേശ ഫണ്ട് ഒഴുകുന്നു. കൃത്യമായ വിവരമോ രേഖകളോ കണക്കുകളോ ഇല്ലാത്ത ഫണ്ടൊഴുക്ക് വലിയ ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണ്. ദിവസേന അരക്കോടിയിലേറെ രൂപയാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്നത്. കേജ്രിവാള് രാജിപ്രഖ്യാപിക്കുകയും ബിജെപിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ ശനിയാഴ്ച മാത്രം 700ശതമാനം അധികം പണമാണ് പാര്‍ട്ടി അക്കൗണ്ടിലെത്തിയത്.
ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി അധികാരത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്. എന്നാല്‍ ജന്ലോക്പാലിെന്റ പേരില്‍ അധികാരം ഉപേക്ഷിച്ച അവര്‍ ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയാണ് പ്രവര്‍ത്തനം എന്നുവന്നതോടെയാണ് വിദേശഫണ്ടില്‍ വന്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.
അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുമായി ബന്ധമുള്ള ഫോര്‍ഡ് ഫൗണ്ടേഷന് ഉള്‍പ്പെടെ നിഗൂഢലക്ഷ്യങ്ങളുള്ള നിരവധി വിദേശ സംഘടനകള്‍ എഎപിക്ക് പണം നല്‍കുന്നുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് വിവാദമായിട്ടും ഫണ്ടിെന്റ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല. വിദേശ ഫണ്ട് സ്വീകരിക്കുന്നതു സംബന്ധിച്ച് അരവിന്ദ് കേജ്രിവാള് നിശബ്ദത പാലിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയത്തിെന്റ ചോദ്യങ്ങള്‍ക്ക് അവര്‍ ഇനിയും ഉത്തരം നല്‍കിയിട്ടില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്നലെ വ്യക്തമാക്കി. മൂന്നുതവണ ഇക്കാര്യം ആവശ്യപ്പെട്ടു കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍ കേജ്രിവാളോ പാര്‍ട്ടിയോ മറുപടി നല്‍കിയിട്ടില്ല, ഷിന്‍ഡെ പറഞ്ഞു.
ദല്‍ഹിയില്‍ ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും യാതൊന്നും ചെയ്യാതെ ഭരണം വലിച്ചെറിഞ്ഞ് ലോക്സഭയിലേക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസിനെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. വിവിധ തെരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ കോണ്‍ഗ്രസ് നൂറു തികയ്ക്കില്ലെന്ന് വ്യക്തമായതോടെ ദേശീയതലത്തില്‍ അസ്ഥിരതയുണ്ടാക്കാന്‍ എഎപിയെ ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
രാജിവച്ച് ദല്‍ഹി ജനതയെ കബളിപ്പിച്ച ശേഷം ലോക്സഭയിലേക്ക് മത്സരിക്കാനുള്ള അരവിന്ദ് കേജ്രിവാളിന്റെയും കൂട്ടരുടേയും നീക്കം സംശയകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആര്‍ക്കെതിരെയും മത്സരിച്ച് നായകപരിവേഷം നേടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേജ്രിവാള് പറയുമ്പോഴും നരേന്ദ്രമോദി എവിടെ മത്സരിക്കുന്നോ അവിടെ കേജ്രിവാള് മത്സരിക്കുമെന്നാണ് എഎപി നേതൃയോഗം പ്രഖ്യാപിച്ചത്.
നരേന്ദ്രമോദിയെ നേരിട്ട് വെല്ലുവിളിച്ച് വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമവും ഇന്നലെ കേജ്രിവാള് നടത്തി.കേജ്രിവാളിനെപ്പറ്റിയോ ആം ആദ്മിയേപ്പറ്റിയോ യാതൊന്നും ഇതുവരെ പ്രതികരിക്കാതിരിക്കുന്ന നരേന്ദ്രമോദിയാകട്ടെ ഒരു പ്രസംഗത്തില്‍ പോലും ആംആദ്മിയെ ഗൗനിക്കാതെയാണ് മുന്നോട്ടുപോകുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: