ഇടുക്കി : ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. വേനല്‍ കനത്തതോടെ ഡാമിന്റെ സ്ഥിതി ഇത്തവണ ഭിന്നമാണ്.
കാലവര്‍ഷത്തില്‍ ഡാം നിറഞ്ഞ് തുറന്നു വിടേണ്ട അവസ്ഥ വന്നിരുന്നു.2013 സെപ്റ്റംബര്‍ 25ന് ഡാമിലെ ജലനിരപ്പ് 2402 അടിവരെ ഉയര്‍ന്നു. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. ഡാം തുറന്നുവിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡ് അവസാന നിമിഷം അത് വേണ്ടെന്ന് വച്ചു.
വേനല്‍ കാഠിന്യം അനുഭവപ്പെട്ടു തുടങ്ങിയ ആദ്യ 15 ദിവസങ്ങളില്‍ ഡാമിലെ ജലനിരപ്പ് 36 അടി കുറഞ്ഞു. ഇന്നലത്തെ ജലനിരപ്പ് 2366 അടിയാണ്. മൂലമറ്റം പവ്വര്‍ ഹൗസില്‍ പൂര്‍ണ്ണ തോതിലുള്ള വൈദ്യുതോല്‍പ്പാദനം നടക്കുന്നത് ഒരു കാരണമാണെങ്കിലും ഇത്രയും വേഗത്തില്‍ ജലനിരപ്പ് ഇത്രയേറെ കുറയുന്നത് ഇതാദ്യമാണ്. വേനല്‍ കനക്കുന്നതോടെ കേരളത്തില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമം അനുഭവപ്പെടാം.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ന്നു. വൈഗ അണക്കെട്ടിലേക്ക് തമിഴ്നാട് ജലം കൊണ്ടുപോയിരുന്നത് നിര്‍ത്തി. വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം തമിഴ്നാട്ടിലെ കൃഷിയിടങ്ങളിലും വരള്‍ച്ച ബാധിച്ചുകഴിഞ്ഞു. ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. സ്വാഭാവിക ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടതോടെ ദാഹജലം തേടി വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് പലായനം ചെയ്യുന്ന സ്ഥിതിയാണുള്ളത്.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: