സിംല: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ സ്വത്ത് മൂന്നുവര്‍ഷംകൊണ്ട് 14 ഇരട്ടി വര്‍ധിച്ചിട്ടും പ്രധാനമന്ത്രി മന്മോഹന്സിംഗിന് മിണ്ടാട്ടമില്ലെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശിലെ സുജാന്‍പൂരില്‍ വന്‍സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് പണം മരത്തില്‍ കായ്ക്കില്ലെന്ന് ഒരിക്കല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞതിനെ പരിഹസിച്ചുകൊണ്ട് വീരഭദ്രസിംഗിനെതിരെ മോദി ആഞ്ഞടിച്ചത്.
“പണം മരത്തില്‍ കായ്ക്കില്ലെന്ന് കുറച്ചുനാള്‍ മുമ്പ് പ്രധാനമന്ത്രി പറയുകയുണ്ടായി. സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായ വീരഭദ്രസിംഗിന്റെ സ്വത്ത് മൂന്നുവര്‍ഷംകൊണ്ട് 14 ഇരട്ടിയായി വര്‍ധിച്ചത് എങ്ങനെയെന്ന് പ്രധാനമന്ത്രിക്ക് അറിയുമോ? സ്വത്തിലുണ്ടായിരിക്കുന്ന ഈ ഉയര്‍ച്ച വീരഭദ്രസിംഗ് തന്നെ ഒരു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ഇത് ആപ്പിള്‍ കൃഷിയിലൂടെ നേടിയതാണെന്ന മറുപടിയാണ് വീരഭദ്രസിംഗ് നല്‍കിയത്,” മോദി പറഞ്ഞു.
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് മുതലായ മലയോര സംസ്ഥാനങ്ങളുടെ വികസനത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അവഗണിക്കുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. താന്‍ വിളിച്ചുകൂട്ടുന്ന യോഗത്തില്‍ പതിവ്പ്രസംഗം നടത്താന്‍ മുഖ്യമന്ത്രിമാരെ ക്ഷണിക്കുക മാത്രമാണ് ഇന്ന് മന്‍മോഹന്‍സിംഗ് ചെയ്യുന്നത്. ഇതിന് പകരം പ്രത്യേക മേഖലകളുടെ വികസനതന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് വേണ്ടത്. ഹിമാലയന്‍ മേഖലയിലെയും തീരദേശമേഖലയിലെയും സംസ്ഥാന മുഖ്യമന്ത്രിമാരെയെല്ലാം വിളിച്ചുചേര്‍ത്ത് വികസനം നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രി മനസിലാക്കണം,” മോദി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വിഷവിത്ത് വിതച്ചതിനാല്‍ തെലങ്കാന സംസ്ഥാനത്തിന്റെ പേരില്‍ ആന്ധ്ര കത്തിക്കാളുകയാണെന്ന് മോദി പറഞ്ഞു. എന്തുകൊണ്ടാണ് തെലങ്കാന കത്തുന്നതെന്ന് ചോദിച്ച മോദി സംസ്ഥാന രൂപീകരണങ്ങളുടെ കാര്യത്തില്‍ അടല്‍ബിഹാരി വാജ്പേയി വിതച്ചത് വിഷവിത്തുകളല്ല, സ്നേഹത്തിന്റ വിത്തുകളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: