പന്തളം: അച്ചന്‍കോവിലാറ്റിലെ തുമ്പമണ്‍ കണിയാം കടവില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇലവുംതിട്ട നെടിയവിള പുനകുളഞ്ഞി പുത്തന്‍ വീട്ടില്‍ സത്യപാലന്റെ മകന് സജിത് (20), സഹോദരി വിജയമ്മയുടെ മകന് രതീഷ് (20), ഇലവുതിട്ട മക്കോളില്‍ ചക്കാലയില്‍ നാമക്കുഴി വിജയന്റെ മകന് വിജേഷ് എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് അപകടമുണ്ടായത്. ഇവരും മറ്റു മൂന്നു കൂട്ടുകാരുമായി കുളിക്കാനിറങ്ങവെ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് സമീപ വാസിയായ വാക്കയിലേത്ത് ശശിധരന് പിള്ളയും ബംഗാള്‍ സ്വദേശിയായ ഭൂപീന്ദറും ചേര്‍ന്ന് കോയിക്കലേത്ത് വിജിത്തിനെ രക്ഷപ്പെടുത്തിയെങ്കിലും മറ്റു മൂന്നു പേരും മുങ്ങിത്താഴ്ന്നു.
പത്തനംതിട്ട എഎസ്ഒ ശശിധരന് ചെട്ടിയാരുടെ നേതൃത്വത്തിലെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി മൂന്നു പേരെയും കയത്തില്‍ നിന്നും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പത്തനംതിട്ട ജന. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി.
സംസ്കാരം പിന്നീട്. മരിച്ചവരില്‍ സജിത്തും വിജേഷും നെടിയകാല എം പി ഐ ടി സിയിലെ വിദ്യാര്‍ഥികളാണ്. രതീഷ് പത്തനംതിട്ട പുത്തന്‍പീടികയിലെ വര്‍ക്ഷോപ്പില്‍ ഡീസല്‍ മെക്കാനിക്കില്‍ പരിശീലനം നടത്തി വരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് കൂട്ടുകാരായ ആറംഗ സംഘം കടവില്‍ കുളിക്കാനായി വീട്ടില്‍ നിന്ന് പോയത്.
സജിത്തിന്റെ മാതാവ് സുധാമണി. സഹോദരി സംഗീത. രമേശിന്റെയും വിജയമ്മയുടെയും ഏക മകനാണ് രതീഷ്. വിജേഷിന്റെ അമ്മ ജയ. സഹോദരന് ജയേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: