കാഞ്ഞങ്ങാട്: കടല്‍ത്തീരം സംരക്ഷിക്കുന്നതിനുള്ള തീരദേശ പരിപാലന നിയമത്തില്‍ അനിവാര്യമായ ചില ഭേദഗതികള്‍ വരുത്തേണ്ടതാണെന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന കേരള മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ തീരപ്രദേശങ്ങളുടെ എക്കാലത്തേയും സംരക്ഷകരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് വേണം നിയമം നടപ്പിലാക്കാന്‍. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അവരുടെ നൂറ്റാണ്ടുകളായുള്ള ആവാസഭൂമിയില്‍ നിന്നും പിഴുതെറിയാനുള്ള ശ്രമമാണ് നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ നടന്നുവരുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും മത്സ്യപ്രവര്‍ത്തക സംഘം ചൂണ്ടിക്കാട്ടി.
വന്‍കിട കോര്പ്പറേറ്റുസംഘങ്ങള് നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് കടല്‍ത്തീരത്ത് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ടൂറിസം വികസനത്തിന്റെ പേരിലാണ് പലസ്ഥലങ്ങളിലും ഇത്തരം കയ്യേറ്റങ്ങള്‍ നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനധികൃത സ്വാധീനം ചെലുത്തി ഇത്തരം കെട്ടിടങ്ങള്‍ക്ക് ചിലയിടങ്ങളില്‍ നമ്പര്‍ അനുവദിച്ചുകഴിഞ്ഞു. മറ്റ് ചില സ്ഥലങ്ങളില്‍ നമ്പര്‍ അനുവദിച്ചുകിട്ടാന്‍ ഗൂഢ തന്ത്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ നീക്കങ്ങള്‍ തടയുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അവരുടെ മേഖല നിലനിര്‍ത്തി സംരക്ഷിക്കുകയും ചെയ്യണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് കെ.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രജനീഷ് ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പുരുഷോത്തമന് ആമുഖ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: