കൊട്ടാരക്കര: ചിരട്ടകോണത്ത് കനാലില്‍ വീണ് മരിച്ച പതിനാലുകാരന്റെ മൃതദേഹം ആറാംദിവസം കണ്ടെടുത്തു. ടണലിനുള്ളില്‍ 200 മീറ്റര്‍ അകലെ നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ചക്കുവരക്കല്‍ കാര്യോട് താഴതില്‍ തുളസീധരന്റെ മകന് വിനീഷിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കനാലില്‍ വീണ് കാണാതായത്. അന്നുമുതല്‍ മൃതദേഹം തേടി തിരച്ചില്‍ നടത്തുകയായിരുന്നു എങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ എട്ടിനോടെയാണ് 35 അംഗ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൃതദേഹം തേടിയുള്ള തങ്ങളുടെ തിരച്ചില്‍ ശക്തമാക്കിയത്. കഴിഞ്ഞദിവസങ്ങളില്‍ നേവി, ഫയര്‍ഫോഴ്സ് എന്നിവരുമായി ഇവര്‍ സഹകരിച്ചിരുന്നു. വെള്ളത്തെ മുകളിലേക്ക് ഒഴുക്കി സബ് കനാല്‍ വഴിതിരിച്ച് വിടാന്‍ മണല്‍ചാക്കുകള്‍ നിരത്തി ബണ്ടുകള്‍ തീര്‍ക്കുകയാണ് ആദ്യം ചെയ്തത്.
ഒരേസമയം മൂന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ഇരുവശത്തുനിന്നും വറ്റിക്കുകയും ചെയ്തു. ഇതോടെ ടണലിലെ വെള്ളം കുറയാന്‍ തുടങ്ങി. കൂടുതല്‍ ആത്മവിശ്വാസത്തോടെ തിരച്ചില്‍ നടത്തിയ പ്രവര്‍ത്തകര്‍ ഉച്ചക്ക് രണ്ടിനോടെ മൃതദേഹം കണ്ടെത്തി. നിമിഷങ്ങള്‍ക്കകം വെള്ളം ഒഴുക്കികളഞ്ഞ് മൃതദേഹം കരക്കെത്തിച്ചു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പോലീസും റവന്യു ഉദ്യോഗസ്ഥരും എല്ലാവിധ പിന്തുണയുമായി നിന്നത് തങ്ങളെ ഏറെ സഹായിച്ചുവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം വീണ്ടെടുത്ത വാര്‍ത്ത പരന്നതോടെ ഗ്രാമം മുഴുവന്‍ ഈ പ്രദേശത്ത് തടിച്ചുകൂടി. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് തഹസില്‍ദാര്‍ സോമസുന്ദര്പിള്ള പറഞ്ഞു.
സഹോദരിക്കൊപ്പം കനാലിന് സമീപത്തെ കുളത്തില്‍ വെള്ളമെടുക്കാന്‍ പോകുമ്പോള്‍ കാല്‍വഴുതിയാണ് വിനേഷ് കനാലില്‍ വീണത്. ടണലിന്റെ ഭാഗത്തെ സംരക്ഷണഭിത്തികള്‍ തകര്‍ന്ന് പോയതിനാലാണ് ഒഴുക്കില്‍പെട്ട വിനേഷ് ടണലിനുള്ളിലേക്ക് വീണത്. നേവിയില്‍ നിന്നുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും അവര്‍ പിന്‍വാങ്ങിയിരുന്നു.
ആര്‍എസ്എസ് പുനലൂര്‍ താലൂക്ക് സഹകാര്യവാഹക് ശ്രീകാന്ത്, വെട്ടിക്കവല ഖണ്ഡ് സേവാപ്രമുഖ് ബീനൂസ്, മണ്ഡല് സേവാ പ്രമുഖ് രാജീവ്, അഡ്വ.വയക്കല്‍ സോമന്, സേതു നെല്ലിക്കോട്, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള 35 അംഗസംഘമാണ് ഇന്നലെ മൃതദേഹം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: