മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്കും അത്ലറ്റികോ മാഡ്രിഡിനും ഗംഭീര വിജയം. ബാഴ്സലോണ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് റയോ വയ്യക്കാനോയെയും അത്ലറ്റികോ മാഡ്രിഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് റയല്‍ വല്ലഡോളിഡിനെയുമാണ് തകര്‍ത്തുവിട്ടത്.
ബാഴ്സലോണക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സി രണ്ടും പരിക്കില്‍ മുക്തനായി ഇറങ്ങിയ യുവ സൂപ്പര്‍താരം നെയ്മര്‍ ഒരു ഗോളും നേടി. മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ബാഴ്സ 21 തവണ എതിര് ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തു. ഇതില്‍ പത്തെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു.
വിജത്തോടെ ബാഴ്സക്കും അത്ലറ്റികോ മാഡ്രിഡിനും 24 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റായി. ഗോള്‍ ആവറേജിന്റെ കരുത്തില്‍ ബാഴ്സയാണ് ലീഗില്‍ ഒന്നാമത്. 23 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാമത്.
നൗകാമ്പില്‍ നടന്ന പോരാട്ടത്തില്‍ റയോ വയ്യക്കാനോക്കെതിരെ രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു. പെഡ്രോയുടെ പാസില്‍ നിന്ന് ബോക്സിന് പുറത്തുനിന്ന് അഡ്രിയാനോ ഉതിര്‍ത്ത ഷോട്ട് മഴവില്ലുകണക്കെ വളഞ്ഞ് മുഴുനീളെ ഡൈവ് ചെയ്ത റയോ ഗോളിയെ മറികടന്ന് സൈഡ് പോസ്റ്റിലിടിച്ച് വലയില്‍ കയറി. തൊട്ടുപിന്നാലെ ഗോള്‍ മടക്കാനുള്ള അവസരം റയോ വയ്യക്കാനോ താരമായ ഇയാഗോ ഫാല്ക്കേക്ക് ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. 13-ാം മിനിറ്റില്‍ മെസ്സി ഒരു അവസര പാഴാക്കി. ഫാബ്രിഗസിന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ നിന്ന് മെസ്സി പായിച്ചഷോട്ട് പോസ്റ്റില്‍ത്തട്ടി പുറത്തേക്ക് പറന്നു. 30-ാ മിനിറ്റില്‍ മെസ്സിയുടെ മറ്റൊരു ലോംഗ്ഷോട്ട് വയ്യക്കാനോ ഗോളി മുഴുനീളെ പറന്നാണ് കുത്തിയകറ്റിയത്. 36-ാം മിനിറ്റില്‍ ബാഴ്സ ലീഡ് ഉയര്‍ത്തി.
ഫാബ്രിഗസ് മുന്നോട്ട് തള്ളിക്കൊടുത്ത പാസ് പിടിച്ചെടുത്ത മെസ്സി അഡ്വാന്‍സ് ചെയ്ത് കയറിയ റയോ ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. ഇതിനിടെ റയോ താരങ്ങളുടെ ഒന്നുരണ്ട് ശ്രമങ്ങള്‍ ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസിന്റെ കരുത്തിന് മുന്നില്‍ വിഫലമായി. പിന്നീട് 53-ാം മിനിറ്റില്‍ ബാഴ്സ വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണ മെസ്സിയുടെ പാസില്‍ നിന്ന് അലക്സി സാഞ്ചസാണ് ലക്ഷ്യം കണ്ടത്. തൊട്ടടുത്ത മിനിറ്റില്‍ റയോ വയ്യക്കാനോയുടെ ജോക്വിം ലാറിവേയുടെ ഇടംകാലന്‍ ഷോട്ട് ബാഴ്സ ഗോളി മുഴുനീളെ പറന്ന് കുത്തിയകറ്റി. 56-ാം മിനിറ്റില്‍ ബാഴ്സ വീണ്ടും ലീഡ് ഉയര്‍ത്തി. ഫാബ്രഗസിന്റെ പാസില്‍ നിന്ന് പെഡ്രോയാണ് ലക്ഷ്യം കണ്ടത്. 68-ാം മിനിറ്റില്‍ അലക്സി സാഞ്ചസിന്റെ പാസില്‍ നിന്ന് മെസ്സി തന്റെ രണ്ടാം ഗോളും ബാഴ്സയുടെ അഞ്ചാം ഗോളും സ്വന്തമാക്കി. ഇതോടെ മെസ്സി സ്പാനിഷ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമായി. ലാലീഗയില്‍ ഇതുവരെ 228 ഗോളുകളാണ് മെസ്സി നേടിയത്.പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്‍ 89-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ ബാഴ്സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി കുതിച്ച നെയ്മര്‍ ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട് മുഴുനീളെ പറന്ന ഗോളിയെയും മറികടന്ന് വലയില്‍ കയറി.
റയല്‍ വല്ലഡോളിഡിനെതിരെ നടന്ന പോരാട്ടത്തില്‍ 3-ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യ, നാലാം മിനിറ്റില്‍ ഡീഗോ കോസ്റ്റ, 74-ാം മിനിറ്റില്‍ ഗോഡിന് എന്നിവര്‍ നേടിയ ഗോളുകളുടെ കരുത്തിലാണ് അത്ലറ്റികോ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. എന്നാല്‍ മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്ക്കുന്ന വിയ്യറയലിനെ 11-ാമതുള്ള സെല്‍റ്റ ഡി വീഗോ 2-0ന് അട്ടിമറിച്ചു. മറ്റൊരു മത്സരത്തില്‍ ലെവന്റെ 1-0ന് അല്‍മേറിയയെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: