കോട്ടയം: വികസന പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കി, ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നട്ടാശ്ശേരി പൂവത്തുമാലിക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയ പാലം നിര്‍മ്മാണം വളരെവേഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് നാടിന്റെ വികസനത്തിനാവശ്യം. പക്ഷെ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഇതിന് തടസമാകുകയാണ്. ജനങ്ങള്‍ക്ക് പൊതുവില്‍ ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂവത്തുമാലിക്കടവില് നടന്ന ചടങ്ങില്‍ വനം, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പാലത്തിന്റെ അപ്രോച്ച്റോഡ് മതിയായ വീതിയില്‍ എത്രയുംവേഗം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് നാട്ടുകാര്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്, കൗണ്‍സിലര്‍മാരായ ജയശ്രീ ജയകുമാര്‍, റ്റി.സി. റോയി, മായക്കുട്ടി ജോണ്‍, ഷൈനി ഫിലിപ്പ്, ആലീസ് ജോസഫ്, എം.എ. ഷാജി, സ്വാഗതസംഘം ചെയര്മാന് തമ്പാന് തോമസ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിന്‍സന്റ് ജോര്‍ജ്, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വനം, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എം.എല്‍.എ അസറ്റ് ഡെവലപ്മെന്റ് ഫണ്ടില്‍നിന്ന് അനുവദിച്ച 2.7 കോടി രൂപ ഉപയോഗിച്ചാണ് നട്ടാശ്ശേരി നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പൂവത്തുമാലിക്കടവ് പാലം റിക്കാര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചത്.
എം.സി റോഡില്‍ ചവിട്ടുവരി ഭാഗത്തെ തിരക്ക് കുറയ്ക്കാനും നട്ടാശ്ശേരി കിഴക്കുഭാഗം നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പുതിയ പാലം ഉപകരിക്കും. 37.50 മീറ്റര്‍ നീളവും 3.70 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ 2.80 മീറ്റര്‍ വീതിയില്‍ വാഹനപാതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: