ആലപ്പുഴ: ന്യൂനപക്ഷങ്ങള്‍ വോട്ട് ബാങ്കിന്റെ ബലത്തില്‍ വിലപേശുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുക്കളെ അവഗണിക്കുകയും അവഹേളിക്കുകയുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് ഡോ.പ്രവീണ്‍ തൊഗാഡിയ. ആലപ്പുഴയില്‍ നടന്ന ഹിന്ദു സ്വാഭിമാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുവിന്റേതുള്പ്പെടെയുള്ള നികുതിപ്പണം ഉപയോഗിച്ച് ന്യൂനപക്ഷ വികസന കോര്പറേഷന് ഉണ്ടാക്കി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സഹായങ്ങള്‍ നല്‍കുകയാണ്. ഹിന്ദുവിന് വേണ്ടി ഒരു കോര്‍പറേഷനും ഉണ്ടാക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറാകുന്നില്ല. ഹിന്ദുവിന്റെ രക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, വാണിജ്യം, തൊഴില്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകുന്നില്ല. എല്ലാവരും ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
ഹിന്ദുവിനെ അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന, സംരക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി ഭാരതം ഭരിച്ചാല്‍ മതി. ഹിന്ദുക്കളോടുള്ള വിവേചനം മാറ്റി എല്ലാവരെയും ഒരുപോലെ കാണുന്ന സര്‍ക്കാരുകളാണ് രാജ്യത്തുടനീളം ഉണ്ടാകേണ്ടത്. രാമക്ഷേത്രം നിര്‍മിച്ചാല്‍ മാത്രമേ ഹിന്ദുവിന് സ്വാഭിമാനം ഉണ്ടാവൂ. ഭരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തയാറാകണം. ഗോ സംരക്ഷണം ഉറപ്പുവരുത്തുന്ന സര്‍ക്കാരുകളാകണം ഇനി ഭാരതത്തില്‍ ഉണ്ടാകേണ്ടത്.
ഹിന്ദുക്കളോട് അവഗണന തുടര്‍ന്നാല്‍ സംരക്ഷിക്കാനും അവര്‍ക്കായി പ്രവര്‍ത്തിക്കാനും വിശ്വഹിന്ദു പരിഷത്ത് ഒരു സര്‍ക്കാരിന്റെയും സഹായമില്ലാതെ സൗജന്യ വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ എന്നിവ നല്കാന് വിശ്വഹിന്ദു പരിഷത്ത് പദ്ധതികള്‍ ആവിഷ്ക്കരിച്ച് വരികയാണ്. ധര്‍മം സംരക്ഷിക്കാന്‍ ഹിന്ദുവിനെ സജ്ജമാക്കാന്‍ വിശ്വഹിന്ദുപരിഷത്തും ബജ്രഗ്ദളും എല്ലാ ഗ്രാമങ്ങളിലും പ്രവര്‍ത്തനം ശക്തമാക്കും. ഹിന്ദുവിന്റെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ബജ്രഗ്ദളിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. മേജര്‍ എ.കെ.ധനപാലന് അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്.ബലരാമന്, വൈസ് പ്രസിഡന്റ് കെ.കെ.പിള്ള, ജനറല്‍ സെക്രട്ടറി മോഹനന്, ബജ്രംഗ്ദള് സംസ്ഥാന സംയോജക് പി.ജി.കണ്ണന്, ജില്ലാ സംഘചാലക് എന്‍.കൃഷ്ണപൈ, വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി പി.ആര്.രാജശേഖരന്, സംസ്ഥാന ട്രഷറര്‍ കെ.പി.നാരായണന്, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ഭാസ്ക്കരന്‍ എന്നിവര്‍ പങ്കെടുത്തു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജയകുമാര്‍ സ്വാഗതവും ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: