തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പുറത്തിറക്കേണ്ടെന്ന് സിപിഎം തീരുമാനം. പാര്‍ട്ടി പരിപാടികളില്‍ വിഎസിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നാകെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാവും പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക.
പാര്‍ട്ടിവിരുദ്ധ നിലപാടുകളിലൂടെ നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്ന വിഎസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച ആവശ്യം. ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് വിഎസ് കത്ത് നല്‍കിയതാണ് സിപിഎം ഔദ്യോഗിക പക്ഷത്തെ കൂടുതല്‍ ചൊടിപ്പിച്ചത്. വിഎസിനെതിരെ നടപടി വേണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ അവര്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് വിഎസിനെതിരെ പ്രത്യക്ഷമായ നടപടി സ്വീകരിച്ചാല്‍ ദോഷം ചെയ്യുമെന്ന് വിലയിരുത്തി തത്ക്കാലം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ഇങ്ങനെ പോകട്ടെ എന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് പറഞ്ഞിരിക്കുന്നത്. എങ്കിലും വിഎസിനോടുള്ള എതിര്‍പ്പ് കടുത്ത ഭാഷയില്‍ കേന്ദ്ര നേതൃത്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെങ്കിലും എല്ലാകാര്യങ്ങളിലും വിഎസിനെ അവഗണിച്ച് മുന്നോട്ടു പോകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കീഴ്ഘടകങ്ങള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ആര്‍എസ്പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ പരസ്യപ്രസ്താവനയോടെയായിരുന്നു വിഎസിനെതിരായ പാര്‍ട്ടിയുടെ അപ്രഖ്യാപിത നടപടികള്‍ പുറംലോകമറിഞ്ഞത്. വിഎസിനെ വിലക്കിയ നടപടി പുറത്തായിട്ടും വലിയതോതിലുള്ള പ്രതിഷേധമോ അസ്വാരസ്യമോ പാര്‍ട്ടിക്കുള്ളിലും പൊതു സമൂഹത്തിലും ഉണ്ടാകാതിരിക്കുന്നത് സിപിഎം നേതൃത്വത്തെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുണ്ട്.
വിഎസിനോട് പഴയതുപോലുള്ള വൈകാരിക അടുപ്പം ഇപ്പോള്‍ പൊതു സമൂഹത്തിനില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.
മുന്‍പ് മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചപ്പോളുണ്ടായ പ്രതിഷേധ കോലാഹലങ്ങള്‍ ഇപ്പോള്‍ തലപൊക്കാത്തത് അതിനാലാണെന്നും അവര്‍ കരുതുന്നു. അതിനാല്‍ വിഎസിന്റെ അഭാവം തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വിഭാഗം കേന്ദ്ര നേതാക്കളെ ധരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: