ആലുവ: കീഴ്മാട് പഞ്ചായത്തിലെ കുളക്കാട് കിണര്‍ വെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന രാസമാലിന്യത്തിന്റെ സ്രോതസ് കണ്ടെത്താനുള്ള പരിശോധന തിങ്കളാഴ്ച നടക്കും. മലിനീകരണ നിയന്ത്രണബോര്‍ഡ് ഭൂഗര്‍ഭജല വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായിട്ടായിരിക്കും പരിശോധന നടത്തുന്നത്. അതിനുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.
ഇവിടെ വെള്ളത്തില്‍ അലിഞ്ഞിരിക്കുന്ന അമോണിയം പെര്‍ക്ലോറൈഡ് ഐഎസ്ആര്‍ഒയുടെ ഉത്പന്നമാണ്. ഇത് ക്രിസ്റ്റലാക്കിയാണ് റോക്കറ്റിലേക്കുള്ള ഇന്ധനമായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉറവിടം ഐഎസ്ആര്‍ഒ തന്നെയാണെന്നാണ് നിഗമനം. എന്നാല്‍ അത് തെളിവോടുകൂടി സ്ഥിരീകരിക്കേണ്ടതുണ്ട്. ക്രിസ്റ്റലാക്കിയുള്ള അവശിഷ്ടമായി വരുന്നത് അവിടെ തന്നെ ടാങ്കില്‍ സൂക്ഷിക്കാറുണ്ട്. ഇതില്‍നിന്ന് ഉറവയായി വെള്ളത്തിലലിഞ്ഞിരിക്കാമെന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. ഇത് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ടാങ്കില്‍ സൂക്ഷിക്കുന്ന സമ്പ്രദായം നിര്‍ത്താന്‍ മാത്രമേ കഴിയൂ. അതുവഴി ഇനി മാലിന്യം വെള്ളത്തില്‍ കലരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാകും.
എന്നാല്‍ ഇപ്പോള്‍ വെള്ളത്തില്‍ ലയിച്ചിട്ടുള്ള വിഷം ഇല്ലാതാക്കാന്‍ യാതൊരു വഴിയുമില്ല. ഇത് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഈ പ്രദേശത്തുനിന്ന് ഒഴിയുകയുള്ളൂവെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ വിശദീകരണം. കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. 60 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. അതുകൊണ്ട് വെള്ളം കുടിക്കാനായി ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് ടാങ്കര്‍ലോറികളില്‍ കുടിവെള്ളമെത്തിച്ചുതുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: