പാറ്റ്ന: മോദി വിമര്‍ശകനായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന് മറ്റൊരു കനത്ത തിരിച്ചടി നല്കി പാര്‍ട്ടിയിലെ വിശ്വസ്തനും എംഎല്‍സിയുമായ ദേവേശ്ചന്ദ്ര താക്കൂറും ജെഡിയു വിട്ടു. അടുത്തുവരുന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. “ഞാന്‍ ഗുഹയില്‍നിന്ന് പുറത്തുവരാന്‍ ആഗ്രഹിക്കുന്നു. എനിക്ക് എല്ലാ പാര്‍ട്ടികളിലും സുഹൃത്തുക്കളുണ്ട്,” അദ്ദേഹം അഭിപ്രായപ്പെട്ടു. ജെഡിയുവില്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയാവുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ദേവേശ്ചന്ദ്ര താക്കൂര്‍.
മറ്റ് പാര്‍ട്ടികളില്‍ ചേരുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്ന് പറഞ്ഞ താക്കൂര്‍ സംസ്ഥാന കൗണ്‍സിലില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മാത്രമാണ് ഇപ്പോള്‍ പറയാനാവുകയെന്നും വ്യക്തമാക്കി.
“പക്ഷികള്‍ക്ക് ഗുഹയില്‍ കഴിഞ്ഞുകൂടാനാവുമെങ്കിലും അതില്‍നിന്ന് പുറത്തുവരാന്‍ അവ ആഗ്രഹിക്കും. ഞാനും ഗുഹയില്‍നിന്ന് പുറത്തുവരാന്‍ ആഗ്രഹിക്കുന്നു,” നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന ജെഡിയുവിനെ വിമര്‍ശിച്ചുകൊണ്ട് ദേവേശ്ചന്ദ്ര താക്കൂര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ദേവേശ് താക്കൂര്‍ മുഖ്യമന്ത്രി നിതീഷ്കുമാറുമായി ചേമ്പറില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ എന്തിനെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് വ്യക്തമാക്കാന്‍ താക്കൂര്‍ തയ്യാറായില്ല.
കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ജെഡിയുവില്‍ ചേര്‍ന്ന മഹേഷ്ചന്ദ്ര സിംഗ് താന്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്ഗര് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതും നിതീഷിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: