കൊച്ചി: ആയുര്‍വേദ വ്യവസായ മേഖലയില്‍ കേരളത്തിന്റെ സംഭാവന 2020-ല്‍ അഞ്ചിരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി കെഎസ്ഐഡിസി.ഇന്ത്യന്‍ ആയൂര്‍വ്വേദ വ്യവസായമേഖല പതിനായിരം കോടി രൂപയോളം വിലമതിക്കുന്നു. ഇതില്‍ കേരളത്തിന്റെ സംഭാവന നിലവില്‍ ആയിരം കോടി രൂപയാണെന്ന് കോര്പ്പറേഷന് എംഡി അരുണാ സുന്ദര്രാജന് പറഞ്ഞു.
ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവലിന്റെ ഭാഗമായി കെ.എസ്ഐഡിസി ഫെബ്രുവരി 21, 22 ദിവസങ്ങളില്‍ അന്താരാഷ്ട്ര ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും. ആയുര്‍വ്വേദ വ്യവസായ രംഗത്തെ ഭാഗഭാക്കുകളായ ഏവരേയും ഉള്‍പ്പെടുത്തി ആഗോള തലത്തില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് കെഎസ്ഐഡിസി അന്താരാഷ്ട്ര ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുന്നത്.
ആള്‍ട്ടര്‍നേറ്റീവ് മെഡിസിന് ഇന്ന് ലോകമെമ്പാടുമുള്ള പ്രോത്സാഹനം കണക്കിലെടുത്ത് ആയുര്‍വ്വേദത്തെ ഭാവിയിലെ ആരോഗ്യ പരിപാലന വ്യവസായമായി അവതരിപ്പിക്കാനാണ് കെഎസ്ഐഡിസി ഉദ്ദേശിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ അരുണാ സുന്ദരരാജന് അറിയിച്ചു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് ആയുര്‍വ്വേദം വലിയ പങ്കാണ് വഹിക്കുന്നത്. ആയുര്‍വ്വേദത്തെ വലിയ രീതീയില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കെഎസ്ഐഡി.സി ബൃഹദ് പദ്ധതി ആസൂത്രണം ചെയ്യുമെന്നും അറിയിച്ചു.
കേരളത്തിന്റെ തനത് ആരോഗ്യ പരിപാലന സങ്കേതങ്ങള്‍ അടിവരയിടുന്ന രീതിയില്‍ കേരളത്തിലെ ബൃഹത്തായ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് വന്‍തോതില്‍ മുതല്‍മുടക്ക് ആകര്‍ഷിക്കാനും പദ്ധതിയുണ്ട്.
കയറ്റുമതി പ്രോത്സാഹനം, ഉത്പന്നങ്ങള്‍ സേവനങ്ങള്‍, ആരോഗ്യ പരിരക്ഷ, ഗവേഷണം, വിദ്യാഭ്യാസം മികവ്, സാമ്പത്തിക രംഗം, ആരോഗ്യ സസ്യങ്ങളുടെ കൃഷി എന്നിവയെ കുറിച്ചുള്ള വിവിധ സാങ്കേതിക സെമിനാറുകളും ചര്‍ച്ചകളുമാണ് അന്താരാഷ്ട്ര ബിസിനസ്സ് മീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ മേഖലയേയും സംബന്ധിക്കുന്ന നിലവിലുള്ള സ്ഥിതിയും ഭാവിയുടെ സാദ്ധ്യതകളും ചര്‍ച്ച ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: