ആളെ കളിയാക്കുന്നതിന് ന്യൂജനറേഷന് നിഘണ്ടുവില്‍ പറഞ്ഞുകേള്‍ക്കാറുള്ള വാക്കാണ് ‘ശശിയാക്കുക’ എന്നത്. അബദ്ധങ്ങള്‍ പിണഞ്ഞ് ചമ്മി നില്‍ക്കുന്നവനെ നോക്കി എല്‍കെജി കുട്ടികള്‍ വരെ മൂക്കത്ത് വിരല്‍ വെച്ച് പറയും ‘അയ്യേ ശശിയായി’ എന്ന്. തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിലെ വോട്ടര്‍മാര്‍ അത്തരത്തിലൊരു ശശിയെ തരപ്പെട്ടുകിട്ടിയതിന്റെ ജാള്യത്തിലാണിപ്പോള്. ഇന്റര്‍നാഷണല്‍ ഗ്ലാമറുമായി കോണ്‍ഗ്രസുകാര്‍ തിരുവനന്തപുരത്തെ പാവം പൗരന്മാര്ക്ക് മേല്‍ കെട്ടിയേല്പിച്ച തരൂര്‍ ഒരു തരാറുമായി കരാറുറപ്പിച്ചതിന്റെയും അതിന്റെ പേരില്‍ ഭാര്യ സുനന്ദ പുഷ്കര്‍ മരണപ്പെട്ടതിന്റെയും പിറുപിറുക്കലടങ്ങുന്നില്ല തലസ്ഥാനത്ത്. ഒടുവില്‍ ശംഖുമുഖം റാലിയില്‍ പങ്കെടുക്കവേ ഡോ. സുബ്രഹ്മണ്യന് സ്വാമി ചിലത് ഉറക്കെപ്പറഞ്ഞതോടെ സുനന്ദയുടെ മരണം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും എന്നുറപ്പായിക്കഴിഞ്ഞു.
സുനന്ദ പുഷ്കര്‍ ഇന്നയിച്ച ആരോപണങ്ങളൊന്നും ചര്ച്ചചെയ്യപ്പെടേണ്ടവയല്ലെന്ന് നമ്മുടെ വിഖ്യാത മാധ്യപ്രവര്‍ത്തകര്‍ക്ക് പൊടുന്നനെ വെളിപാടുണ്ടായതിന് കാരണമെന്തെന്ന് അന്വേഷിക്കേണ്ടതാണ്. സുനന്ദയുടെ മരണവിവരം പുരത്തുവരാതിരിക്കാന് പോലീസും അധികൃതരും കര്‍ക്കശമായി ഇടപെട്ടു. എവിടെയും നുഴഞ്ഞുകയറുന്ന ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ലീലാ ഹോട്ടലിന് മുന്നില്‍ തമ്പടിച്ചിട്ടും ശവശരീരത്തിന്റെ ക്ലോസ്അപ് ചിത്രങ്ങള്‍ ലഭിച്ചില്ല. ചോദ്യംചെയ്യലുകളും മാധ്യമ വിചാരണയും ഒരുനാളിനപ്പുറം നീണ്ടില്ല. ശവശരീരത്തില്‍ മര്‍ദനമേറ്റതിന്റെയും പിടിവലി നടന്നതിന്റെയും പാടുകള്‍ ഉണ്ടെന്ന വാര്‍ത്ത വന്നുമാഞ്ഞു. മരണകാരണം ഇപ്പോഴും ആര്‍ക്കും അറിയില്ല. ഇതിനെയാണ് സാര്‍ വിവിഐപി മരണം എന്നൊക്കെപ്പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലാവാന്‍ നോമ്പ് നോറ്റു നടന്ന വിദ്വാന്റെ തനിനിറം ഇത്തരം ചില മഴയത്താണ് പുറത്ത് ചാടുന്നത്. അന്താരാഷ്ട്ര ബന്ധവും ലോകോത്തര സാഹിത്യകാരനെന്ന സ്വയംപ്രഖ്യാപിത പദവിയും കൊണ്ട് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ച ശശി തരൂരിന്റെ ഗുണഗണങ്ങള്‍ കണ്ട് അന്തംവിട്ടു നില്പാണ് മാലോകര്‍. ആരോപണങ്ങളൊന്നും ചെറുതായിരുന്നില്ല. ഐഎസ്ഐ ഏജന്റായ ഒരു പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് രാപ്പനിയറിഞ്ഞവള് തന്നെയാണ് ലോകത്തോട് വിളിച്ചുപറഞ്ഞത്.
അമ്പത്തേഴുകാരനായ ശശിതരൂരിന്റെ മൂന്നാമത്തെ ദാമ്പത്യമാണ് സുനന്ദപുഷ്കറുമൊത്തുള്ളത്. കൊല്‍ക്കത്തക്കാരിയായ തിലോത്തമ മുഖര്‍ജിയായിരുന്നു ആദ്യ ഭാര്യ. യുഎന്നിലെ സഹപ്രവര്‍ത്തകയായിരുന്ന കനേഡിയന്‍ വനിത ക്രിസ്റ്റയുമായുള്ള വഴിവിട്ട ബന്ധത്തെത്തുടര്‍ന്ന് തിലോത്തമ ഇദ്ദേഹത്തെ മൊഴിചൊല്ലി. പിന്നീട് ക്രിസ്റ്റയുമൊത്തായി ജീവിതം. അത് വഴിപിരിഞ്ഞതോടെയാണ് സുനന്ദ ഭാര്യയാകുന്നത്. ഔദ്യോഗികമായി ഭാര്യയാകും മുമ്പേ സുനന്ദയും തരൂരുമായുള്ള ബന്ധം ചര്‍ച്ചാവിഷയമായി. കൊച്ചി ഐപില്‍ ടീമിന്റെ ഓഹരിയുടമകളില്‍ കേന്ദ്രമന്ത്രികൂടിയായ ശശി തരൂരിന്റെ അവിഹിത ഇടപെടലുകള്‍ ഉണ്ടെന്ന ആരോപണം കോളിളക്കം സൃഷ്ടിച്ചു. എഴുപത് കോടിയുടെ ഷെയറാണ് തരൂരിന്റെ പേരിലുണ്ടെന്ന് പറയപ്പെട്ടത്. കാശ്മീരി വ്യവസായിയായ സുനന്ദ പുഷ്കറാണ് അതിന്റെ ഉടമയെന്നും അവരുമായി തനിക്ക് ബന്ധമില്ലെന്നും തരൂര്‍ജി വിളിച്ചുപറഞ്ഞു. തരൂരുമായി ബന്ധമില്ലെന്ന് അവര്‍ പ്രസ്താവനയിറക്കി.
പാര്‍ലമെന്റിനുള്ളില്‍ വിവാദം കത്തിയപ്പോള്‍ തരൂര്‍ രാജിവെച്ചു. ഒരു ബന്ധവുമില്ലാത്ത സുനന്ദയെ പാലക്കാട്ടെ തറവാട്ട് വീട്ടില്‍ വിളിച്ചുകൊണ്ടുവന്നു കല്യാണം കഴിച്ചു, വോട്ട് ചെയ്ത് ജയിപ്പിച്ച തിരുവനന്തപുരത്തുകാര്‍ക്ക് പറ്റിയ പേറ്റ്ന്നല്ലാതെ എന്തു പറയാന്‍. സുനന്ദയുടെ മരണവും ഐപിഎല്‍ ഇടപാടും തമ്മില്‍ ബന്ധമുണ്ട് എന്ന ആരോപണം ശക്തമാണ്. അന്വേഷണം എല്ലാത്തലത്തിലും ഉണ്ടാകുംവരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ശംഖുമുഖം പ്രഖ്യാപനം തരൂരിനും കോണ്‍ഗ്രസിനും വെല്ലുവിളിയാണ്. എല്ലാവരും മറയ്ക്കാന്‍ ശ്രമിക്കുന്ന എന്തോ ഒന്ന് ഈ സംഭവത്തിലുണ്ട് എന്ന് തെളിയിക്കുന്നതാണ് സുനന്ദ വിഷയത്തില്‍ ഇതുവരെ സംഭവിച്ചതെല്ലാം.
ഷഹന്‍ഷാ രാഹുല്‍ ഗാന്ധിക്കിണങ്ങിയ പങ്കാളിയാണ് താനെന്ന് വാ തുറന്നിട്ടുള്ളപ്പോഴൊക്കെ തെളിയിച്ചിട്ടുണ്ട് ദല്‍ഹി നായരെന്ന് പെരുന്നയില്‍ നിന്ന് കീര്‍ത്തിമുദ്ര ലഭിച്ചിട്ടുള്ള ശശി തരൂര്‍. വിശുദ്ധപശുവെന്നും കന്നാലിക്ലാസെന്നുമൊക്കെ ട്വീറ്റ് ചെയ്ത് ചരിത്രത്തിലെ ആദ്യ ആം ആദ്മിയാകാനുള്ള പുരോഗമനത്വര മാഡം സോണിയ കൊച്ചുപിച്ചാത്തിക്കരിഞ്ഞുകളഞ്ഞതോടെ ആവേശം കുറച്ചൊന്നൊതുങ്ങി. വിധേയന്മാരുടെയും വിധേയനായി ക്രിക്കറ്റ് കളിച്ചും കളിപ്പിച്ചും തന്റെ വഴി നോക്കി നടക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് പുഷ്കരകാലത്തിന് മേല്‍ കരിനിഴലുമായി സുനന്ദ പുഷ്കര്‍ പൊട്ടിവീണത്. അവിടെ മുളച്ച ആലും തണലാക്കി മുന്നോട്ടുപോയപ്പോള്‍ സദാചാരപാരംഗതനായ തരൂര്‍ജിക്ക് വീണ്ടും വീണുകിട്ടി മന്ത്രിപ്പണി. ഇത്തവണ മാനവവിഭവശേഷി വകുപ്പാണ് കൈകാര്യം ചെയ്യാന്‍ ലഭിച്ചത്.
തിരുവനന്തപുരത്തെ പൊതുവേദികളില്‍ വരുമ്പോഴൊക്കെ അമേരിക്കന്‍ സായിപ്പായി മാറുന്ന ഒരു തരം രോഗം അസ്ഥിക്ക് പിടിക്കുന്നത് കൊണ്ട് ദേശീയഗാനം പാടുമ്പോള്‍ അദ്ദേഹം കൈ പൊക്കി നെഞ്ചത്ത് വെക്കുക പതിവാണ്. അത് അനാദരവാണെന്ന് തല്പരകക്ഷികള് വിളിച്ചു പറഞ്ഞപ്പോഴാണ് തരൂരിന് കാര്യം മനസിലാകുന്നത്. എംപിയായി അഞ്ചാണ്ട് കഴിഞ്ഞിട്ടും ഇതൊന്നും അറിയാത്ത ഒരാളാണല്ലോ തങ്ങളുടെ പ്രതിനിധിയെന്ന് തലയ്ക്ക് കൈ വെക്കുകയല്ലാതെ തിരോന്തരത്തുകാര്ക്കിനി എന്തു ചെയ്യാനാവും.
ഒടുവില്‍ സുബ്രഹ്മണ്യന് സ്വാമി ഒരു മലയാളി കേന്ദ്രമന്ത്രി തന്റെ മകന് വേണ്ടി ചില വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്ന് മാധ്യമങ്ങളോട് പറഞ്ഞപ്പോഴും തരൂര്‍ ഹാജര്‍. ബുദ്ധിമാന്മാരായ ബാക്കി എല്ലാ മലയാളി കേന്ദ്രമന്ത്രിമാരും മിണ്ടാതെയിരുന്നപ്പോഴാണ് അത് ഞാനല്ല എന്ന് നിലവിളിച്ചുകൊണ്ട് തരൂര്‍ പ്രത്യക്ഷപ്പെട്ടത്. കോഴിക്കോട്ടെ ഒരു യുവഅഭിഭാഷക ചില സഹപ്രവര്‍ത്തകരെ പോങ്ങന്മാരെന്ന് വിളിച്ചു എന്നൊരു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. വനിതാ വക്കീലന്മാരുടെ പിന്നാലെ ‘പഞ്ചാരേ, ചക്കരേ’ എന്നൊക്കെ വിളിച്ച് സഹായവാഗ്ദാനവുമായി എഴുന്നെള്ളുന്ന പുരുഷവക്കീലന്മാര്ക്ക് അഭ്യസ്തവിദ്യയായ ആ ചെറുപ്പക്കാരി കണ്ടെത്തിയ നാടന്‍ വാക്കാണ് പോങ്ങന് എന്നത്. ഇനിയും ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ തിരുത്താനുള്ള അവസരമുണ്ട് തിരുവനന്തപുരത്തെ പൊതുജനത്തിന്. മിനിമം കോഴിക്കോട്ടെ ആ യുവഅഭിഭാഷകയുടെ തന്റേടമെങ്കിലും അവര്‍ കാട്ടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: