സീതയെത്തേടി വനത്തില്‍ അലഞ്ഞ രാമലക്ഷ്മണന്മാര് ജടായുവിനെ കണ്ടു. സീതാദേവിയെ രാവണനാണ് കൊണ്ടുപോയതെന്ന് ജടായു രാമനെ അറിയിച്ചു. ഭക്തവത്സലനായ ഭഗവാന്റെ മടിയില്‍ തലവച്ചു മരിക്കാനുള്ള ഭാഗ്യം ജടായുവിന് ഉണ്ടായി. ജടായുവിന്റെ മരണാനന്തരകര്‍മങ്ങള്‍ രാമലക്ഷ്മണന്മാര് നടത്തി. ജടായുവിന് മോക്ഷപ്രാപ്തിയുണ്ടായി.
210. കബന്ധഗതിദായകഃ – കബന്ധനുമോക്ഷം കൊടുത്തവന് (ഗതി – പരഗതി, മോക്ഷം) ഗന്ധര്‍വരാജാവായ ശ്രീയുടെ പുത്രന് ശാപം കൊണ്ട് ശിരസ്സില്ലാത്ത കബന്ധത്തിന്റെ രൂപം സ്വീകരിക്കേണ്ടിവന്നു. വിശ്വാസവസു എന്നായിരുന്നു ഗന്ധര്വരാജകുമാരന്റെ പേര്. വിശ്വാസവസു വളരെക്കാലം തപസ്സുചതെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി ദീര്‍ഘായുസ്സ് നേടി. മരണമുണ്ടാകുകയില്ലെന്ന അഹങ്കാരം കൊണ്ട് ഇന്ദ്രനുമായി ഏറ്റുമുട്ടി. ഇന്ദ്രന് വിശ്വവസുവിന്റെ തലവെട്ടിക്കളഞ്ഞു. കാലുകളിലെ തുടകള്‍ ഉടലിനകത്താക്കുകയും ചെയ്തു. ബ്രഹ്മദത്തമായ വരബലംകൊണ്ട് മരിച്ചില്ല. ആഹാരം കഴിക്കാനായി ഉടലില്‍ തന്നെ ഒരു വായും നെഞ്ചില്‍ ഒരു കണ്ണും ആക്കിക്കൊടുത്തു. തന്റെ കൈകള്‍ക്കുള്ളില്‍ പെടുന്ന എല്ലാ ജീവികളെയും വായ്ക്കകത്താക്കി ഭക്ഷിക്കുകയായിരുന്നു ഈ വിചിത്രജീവിയുടെ രീതി. കബന്ധരൂപമായപ്പോള് പേരും കബന്ധന് എന്നായി.
ജടായുവിന്റെ മോക്ഷപ്രാപ്തി കഴിഞ്ഞ് സീതാന്വേഷണം തുടര്‍ന്ന് രാമലക്ഷ്മണന്മാര് കബന്ധന്റെ കൈകള്ക്കുള്ളിലകപ്പെട്ടു. അവര്‍ കബന്ധന്റെ കൈകള്‍ മുറിച്ചുകളഞ്ഞു. തുടര്‍ന്ന് മരണമടഞ്ഞ കബന്ധന് ഗന്ധര്‍വ്വരൂപം തിരിച്ചുകിട്ടി. സുഗ്രീവനുമായി സഖ്യം ചെയ്യാന്‍ രാമനെ ഉപദേശിച്ചശേഷം വിശ്വാവസു ഗന്ധര്‍വലോകത്തേക്ക് പോയി.
211. ഹനുമദ്സുഗ്രീവയുക്തഃ ഹനുമാനോടും സുഗ്രീവനോടും ചേര്ന്നവന്. സീതയെ തേടി നടന്ന രാമലക്ഷ്മണന്മാര് പമ്പാതടത്തില്‍ വച്ച് ഹനുമാനെ കണ്ടുമുട്ടി. ഹനുമാന് അവരെ വാനരപ്രമുഖനായ സുഗ്രീവനുമായി പരിചയപ്പെടുത്തി. ജ്യേഷ്ഠനായ ബാലിയെ ഭയന്ന് ഋശ്യമുകാചലത്തില്‍ അഭയം തേടിയിരുന്ന സുഗ്രീവന് വാനരരാജപദവി നേടിക്കൊടുക്കാമെന്ന് ശ്രീരാമനും സീതയെ അന്വേഷിച്ച് കണ്ടുപിടിച്ചുകൊടുക്കാമെന്ന് സുഗ്രീവനും പരസ്പരം വാക്കുകൊടുത്തു. അങ്ങനെ ഹനുമാനും സുഗ്രീവനും രാമന്റെ സഹകാരികളായി. രാമലക്ഷ്ണന്മാര്ക്ക് സുഗ്രീവനും രാമന്റെ സഹകാരികളായി. രാമലക്ഷ്മണന്മാര്ക്ക് സുഗ്രീവനും ഹനുമാനുമായുണ്ടായ ബന്ധം തുടര്‍ന്നുള്ള സംഭവങ്ങള്‍ക്ക് നിയാമകമായിരുന്നു.
212. ബാലിജീവവിനാശകഃ – ബാലിയുടെ ജീവിനൊടുക്കിയവന്. സുഗ്രീവന്റെ ജ്യേഷ്ഠനും അതിശക്തനും വാനരരാജാവുമായിരുന്ന ബാലി സുഗ്രീവനെ നാട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കി. സുഗ്രീവന്റെ ഭാര്യയെയും അപഹരിച്ചു. രാമനും സുഗ്രീവനുമായുള്ള സഖ്യം കഴിഞ്ഞ് രാമന്റെ നിര്‍ദ്ദേശപ്രകാരം സുഗ്രീവന് ബാലിയെ പോര്‍ക്കുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധം നടക്കവേ ഒരു മരത്തിന് പിന്നില്‍ മറഞ്ഞുനിന്ന രാമന് അയച്ച അമ്പേറ്റ് ബാലി മരിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: