കൊച്ചി: കഴിഞ്ഞവര്‍ഷം ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ജഗദ്ഗുരു ആദിശങ്കരന്റെ സമാധിസ്ഥലം പുനര്‍ നിര്‍മ്മിക്കുന്നതിനും ഉത്തരാഖണ്ഡ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായി നടത്തുന്ന ‘മിഷന് കാലടി ടു കേദാര്‍’ യാത്രയ്ക്ക് തുടക്കമായി.
യാത്രയുടെ ഭാഗമായി ആദിശങ്കരന്റെ ജന്മഭൂമി മണ്ണിലെ ആര്യാംബാ സമാധിയിലെ മണ്ണ് ഗുരു നരേന്ദ്ര ഭട്ടിന്റെ നേതൃത്വത്തില്‍ പൂജിച്ച് പ്രത്യേകം തയ്യാറാക്കിയ മൃതിക കലശത്തില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, ശൃംഗേരി ശാരദാപീഠം മാനേജര്‍ പ്രൊഫ. എ.സുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് കലശത്തില്‍ സമര്‍പ്പിച്ചു. ഏകദേശം 63 പ്രധാന കേന്ദ്രങ്ങളില്‍നിന്നും ആദിശങ്കരന് സന്യാസ ദീക്ഷ വാങ്ങിയ മധ്യപ്രദേശിലെ നര്‍മ്മദാ തീരത്തുനിന്നും മൃതികാശേഖരണം നടത്തും. ഏകദേശം 20,000 കി.മീറ്റര്‍ റോഡ് മാര്‍ഗത്തിലൂടെയും പശുപതിനാഥ് (നേപ്പാള്‍), ഗോഹട്ടി എന്നിവിടങ്ങളില്‍ വിമാനമാര്‍ഗവും സഞ്ചരിക്കുന്ന യാത്ര 123 ദിവസംകൊണ്ട് കേദാര്‍നാഥിലെ ആദിശങ്കരന്റെ സമാധി സ്ഥലത്ത് എത്തിച്ചേരും. കേരളത്തിലെ വിവിധ പുണ്യനഗരികളായ ഗുരുവായൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് വഴി 19ന് കര്‍ണാടകയില്‍ പ്രവേശിച്ച് ഉത്തരാഖണ്ഡ് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികദിനമായ ജൂണ്‍ 15ന് യാത്ര കേദാര്‍നാഥില്‍ എത്തിച്ചേരും. തുടര്‍ന്ന് ജഗദ്ഗുരു ശങ്കരാചാര്യര്‍ അന്തര്‍ധാനം ചെയ്ത സ്ഥലത്ത് ഭാരതത്തിലെ പുണ്യസ്ഥലങ്ങളില്നിന്നു സംഭരിച്ച മൃതികയുടെ സമര്‍പ്പണവും നടക്കും. യാത്രക്കിടെ വിവിധ വിദ്യാലയങ്ങളും ധര്‍മ്മസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ആദിശങ്കരന്റെ ദര്‍ശനങ്ങള്‍, മാനവിക മൂല്യങ്ങള്‍, പ്രകൃതിസംരക്ഷണം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണവും നടത്തും.
കാലടിയില്‍നിന്നു ആരംഭിച്ച യാത്രാ ചടങ്ങില്‍, ആദിശങ്കര ജന്മദേശ വികസനസമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആര്.പണിക്കര്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന് (വേണു), ടി.ആര്.മുരളീധരന്, സി.ജി.രാജഗോപാല്‍, ടി.എസ്.ബൈജു, സലീഷ് ചെമ്മണ്ണൂര്‍, ഡി.ശ്രീകുമാര്‍, പി.കെ.മോഹന്‍ദാസ്, ഏകനാഥ്.വി, സതീശ് പൈ, എ.ടി.സന്തോഷ് കുമാര്‍, ശശി തറനിലം, ഡോ. എന്‍.ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
മൃതികാ സമര്‍പ്പണത്തിന്റെ ഭാഗമായുള്ള പ്രത്യേക ചടങ്ങില്‍ ആദിശങ്കര ട്രെയിനിംഗ് കോളേജിനെ പ്രതിനിധീകരിച്ച് അധ്യാപകരായ കര്‍പ്പകം.എസ്,പ്രസീദ.വി, ശ്രീശങ്കരാ കോളേജിനെ പ്രതിനിധീകരിച്ച് മുന്‍ വിദ്യാര്‍ത്ഥിയായ ധര്‍മ്മരാജാ സെല്‍വരാജ്, ആദിശങ്കരാ കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥി ശങ്കരനാരായണ ധര്‍മ്മ, ശങ്കര പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ധര്‍മ്മ സംവര്‍ദ്ധിനി, വിദ്യാര്‍ത്ഥി പ്രതിനിധികളായ ദേവകൃഷ്ണന്‍, ശ്രീലക്ഷ്മി, ശാരദാ വിദ്യാപീഠം പ്രിന്‍സിപ്പല്‍ വി.മനോരഞ്ജനി എന്നിവരും മൃതികാ സമര്‍പ്പണം നടത്തി. തുടര്‍ന്ന് യാത്ര ഗുരുവായൂര്‍ക്ക് തിരിച്ചു. ന്യൂദല്‍ഹി കേന്ദ്രമായ ഫെയ്ത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: